സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ചീഫ്‌സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ 88 കൊവിഡ് ഹോട്സ്‌പോട്ട് പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഹോട്ട്സ്പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും.

ഇളവ് അനുവദിച്ചിരിക്കുന്ന ഓറഞ്ച്, ഗ്രീന്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കര്‍ശന നിയന്ത്രണങ്ങളാകും ഉണ്ടാവുക. ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളില്‍ 24 മുതലും ഓറഞ്ച് ബി ജില്ലകളില്‍ 20 മുതലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ പാസുകളുമായി ജനങ്ങള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഗര്‍ഭിണികള്‍, ചികിത്സയ്ക്ക് വരുന്നവര്‍, ബന്ധുക്കളുടെ മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കും. മെഡിക്കല്‍ എമര്‍ജന്‍സി കേസുകള്‍ക്ക് അന്തര്‍ ജില്ലാ യാത്രാനുമതിയും നല്‍കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അയല്‍ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയില്‍ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാം.

ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ഡ്യൂട്ടിയിലില്ലാത്തവര്‍ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. അടിയന്തരസേവന വിഭാഗങ്ങള്‍, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ക്ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കെത്തണം. ക്ളാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേര്‍ ഹാജരാകണം. നേരത്തെയുള്ള ഉത്തരവനുസരിച്ചു മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. ഗ്രീന്‍ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളില്‍ ഭാഗികമായി പ്രവര്‍ത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കര്‍ശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാന്‍ അനുമതി നല്‍കും.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് പ്രഭാത നടത്തം/ സായാഹ്ന നടത്തം അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഹോട്ട്സ്പോട്ടുകളില്‍ കടകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ലോക്ക്ഡൗണ്‍ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ടാക്സി, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി വിശദമാക്കി.

സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട്സ്പോട്ടുകള്‍…
തിരുവനന്തപുരം ജില്ലയില്‍ 3 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്
കൊല്ലം ജില്ലയില്‍ 5 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
ആലപ്പുഴ ജില്ലയില്‍ 3 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍
പത്തനംതിട്ട ജില്ലയില്‍ 7 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍
കോട്ടയം ജില്ലയില്‍ 1 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
തിരുവാര്‍പ്പ് പഞ്ചായത്ത്
ഇടുക്കി ജില്ലയില്‍ 3 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍
എറണാകുളം ജില്ലയില്‍ 2 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്
തൃശൂര്‍ ജില്ലയില്‍ 3 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍
പാലക്കാട് ജില്ലയില്‍ 4 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍
മലപ്പുറം ജില്ലയില്‍ 13 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍
കോഴിക്കോട് ജില്ലയില്‍ ആറ് ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍
വയനാട് ജില്ലയില്‍ 2 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകള്‍
കണ്ണൂര്‍ ജില്ലയില്‍ 19 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍
കാസര്‍കോട് ജില്ലയില്‍ 14 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍
കാഞ്ഞങ്ങാട്, കാസര്‍കോട് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.

Top