കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ആവശ്യമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്നാണ് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് ബാധിച്ച ജില്ലകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അവശ്യ സര്‍വ്വീസുകളെ ബാധിക്കാത്ത വിധത്തില്‍ ലോക് ഡൗണ്‍ എങ്ങനെ നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുന്ന കാസര്‍കോട്ട് ഇതിനകം തന്നെ സ്ഥിതി ലോക് ഡൗണിന് സമാനമാണ്. ജില്ലാ അതിര്‍ത്തികള്‍ അടച്ച് കഴിഞ്ഞു. പൊതു ഗതാഗതം അടക്കമുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തലെ കൊവിഡ് ബാധിത ജില്ലകളില്‍ നിലവില്‍ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറാകട്ടെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലാണ്.

സ്ഥിതി അതീവ ഗുരുതരമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ല, വെള്ളവും വൈദ്യതിയും ആരോഗ്യ സേവനങ്ങളും അടക്കം ഒന്നിനും ജനം ബുദ്ധിമുട്ടില്ല. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് ലോക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശത്തോട് ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം.

Top