ബ്രിട്ടീഷ് പൗരന്‍ കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുത്തു; നാട്ടുകാരുമായി സെല്‍ഫി എടുത്തു

തൃശ്ശൂര്‍: കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയും നിയന്ത്രണങ്ങളുമാണ് സംസ്ഥാന
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം പൊതുജനങ്ങള്‍ കേട്ടില്ലെന്ന മട്ടിലാണ്
ഓരോ പ്രവൃത്തികളും കാണിച്ച് കൂട്ടുന്നത്. ഇന്നലെ കൊറോണ സ്ഥരീകരിച്ച ബ്രിട്ടീഷ് പൗരന്‍ മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില്‍ എത്തിയിരുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

മാര്‍ച്ച് എട്ടിന് ഇയാള്‍ കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുക്കുകയും നാട്ടുകാരില്‍ പലരും ബ്രിട്ടീഷ് പൗരനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം ടിക് ടോക് വീഡിയോ വരെ എടുത്തു എന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം.

പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവമാണ് കുട്ടനെല്ലൂരിലേത്. കുട്ടനെല്ലൂരില്‍ എത്തിയ ബ്രിട്ടീഷ് പൗരനുമായി പലരും അടുത്തിടപഴകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിന്റെ വീഡിയോ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്.ഇയാള്‍ക്കൊപ്പം എടുത്ത ടിക് ടോക് വീഡിയോ അടക്കമുള്ളവ ആരോഗ്യ വകുപ്പ് ഇപ്പോള്‍ പരിശോധിച്ച് വരികയാണ്.

കുട്ടനെല്ലൂര്‍ കൂടാതെ മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നരയ്ക്ക്, ബ്രിട്ടീഷ് പൗരന്‍ അടങ്ങുന്ന സംഘം തൃശ്ശൂര്‍ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും എത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെയെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിച്ചു. നാല് മണിക്ക് ശേഷമേ ക്ഷേത്രം തുറക്കൂ എന്നും വിദേശികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല എന്നും സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ അറിയിക്കുകയായിരുന്നു. കുട്ടനെല്ലൂര്‍ ഉത്സവം നടക്കുന്നുണ്ടെന്ന് സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് വിദേശികള്‍ ക്ഷേത്രത്തിലേക്ക് എത്തിയത്.

Top