പുതിയ കേസുകള്‍ ഇല്ല; നിരീക്ഷണത്തിലുള്ളത് 3313 പേര്‍, 1179 സാംപിളുകള്‍ പരിശോധനയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. 1179 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 889 സാംപിളുകളുെട ഫലം നെഗറ്റീവാണ്. ഇന്ന് ലഭിച്ച പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. 273 സാംപിളുകളുടെ ഫലം ഇനി കിട്ടാനുണ്ട്. നാളത്തേക്ക് വീണ്ടും സാംപിളുകള്‍ അയക്കും.

പത്തനംതിട്ടയില്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെതുടര്‍ന്നു വിളിച്ചത് 70 പേരാണ്. ഇവരില്‍ 15 പേര്‍ പ്രൈമറി ലിസ്റ്റില്‍ ഉള്ളവരാണ്. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമുണ്ട്. 969 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. 129 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുന്നവരാണ്. അവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസ്സിനു മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോട്ടയത്ത് 60 പേര്‍ നിരീക്ഷണത്തിലാണ്. 24 പേര്‍ പ്രൈമറി കോണ്‍ടാക്റ്റിലും 36 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്റ്റിലും ഉള്‍പ്പെടുന്നവരാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാനമിറങ്ങിയവര്‍ ഉള്‍പ്പെടെ എറണാകുളത്ത് 131 പേര്‍ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്ന് കൂടുതല്‍ ആളുകള്‍ കൊച്ചിയില്‍ എത്തുന്നു. ഒരാളെയും വിട്ടു പോകാതെ വിമാനത്താവളത്തില്‍ സ്‌ക്രീനിങ് നടക്കുന്നുണ്ട്. വിദേശത്തു നിന്ന് എത്തിയവര്‍ ഏതെങ്കിലും വാര്‍ഡുകളില്‍ താമസിക്കുന്നുണ്ടെങ്കില്‍ അറിയിക്കാന്‍ തദ്ദേശ സര്‍ക്കാരുകള്‍ക്കും മറ്റും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top