കൊറോണ; സാമ്പത്തിക മേഖലയ്ക്ക് ഉത്തേജകമായി പാക്കേജ്; 2020 അവസാനം വരെ ടോള്‍ വേണ്ട

അബുദാബി: ചൈനയാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെങ്കിലും ആഗോള തലത്തില്‍ തന്നെ വലിയ രീതിയിലുള്ള ഭീതിയാണ് ഈ മഹാമാരി വരുത്തിയിരിക്കുന്നത്. ഒപ്പം തന്നെ ലോകരാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലുമാക്കിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അബുദാബിയില്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം.

അബുദാബിയില്‍ ഇനി വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ലെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. കോവിഡ്-19 മൂലമുള്ള പ്രത്യേക സാമ്പത്തിക അവസ്ഥ മനസിലാക്കിയാണ് അബുദാബി ഭരണകൂടത്തിന്റെ ഈ തീരുമാനം.

അതേസമയം, 2020 അവസാനം വരെ ഈ പ്രാഖ്യാപനം നിലനില്‍ക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല എല്ലാതരം വാഹനങ്ങളും ട്രാഫിക് താരിഫില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി അബുദാബി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പദ്ധതി (ഗദാന്‍ 21) പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. ഇതനുസരിച്ചാണ് വാഹനങ്ങള്‍ക്ക് ടോള്‍ സൗജന്യമാക്കിയിരിക്കുന്നത്. കമ്പനി വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ ഫീസ് വേണ്ട എന്നും തീരുമാനമായിട്ടുണ്ട്.

Top