കൊറോണ; അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നിരീക്ഷണത്തില്‍, പൊതുപരിപാടികള്‍ റദ്ദാക്കി

വാഷിങ്ടന്‍: കൊറോണ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആറ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നിരീക്ഷണത്തില്‍. മേരിലാന്‍ഡില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കാണ് കൊറണാ ഭീഷണി. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും ഒരു ഡെമോക്രാറ്റ് അംഗവുമാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

മേരിലാന്‍ഡില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത ഒരു വ്യക്തിയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതാണ് ഇവരും കൊറോണ സംശയ നിഴലില്‍ നില്‍ക്കാന്‍ കാരണം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സെനറ്റര്‍ ടെഡ് ക്രൂസ്, പാര്‍ലമെന്റ് അംഗം മാറ്റ് ഗയിറ്റ്‌സ്, അടക്കമുള്ളവരാണ് പരിശോധനഫലത്തിനായി കാത്തിരിക്കുന്നത്. പരിപാടിക്കിടെ ആളുകള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നുവെന്ന് ടെഡ് ക്രൂസ് പറഞ്ഞു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിലും രോഗബാധിതനുമായി ഇടപഴകിയിട്ടില്ലെന്നു വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം മാറ്റ് ഗയിറ്റ്‌സ് ഇതിനുശേഷം പ്രസിഡന്റിന്റെ വിമാനത്തില്‍ യാത്ര ചെയ്യുകയും അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ താമസിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേരാണ് മരിച്ചത്.വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3136 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.

100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതിനായിരത്തലധികം ആളുകളുടെ രോഗം ഭേദമായി കഴിഞ്ഞു.

Top