സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത!

തൃശൂര്‍: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കുമെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്തുടനീളം നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തിയവര്‍ പൊതുകൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് തല്‍കാലം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ചൈനയില്‍ നിന്ന് വരുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ചൈനയില്‍ നിന്ന് വന്നവരെല്ലാവരും രോഗവാഹകരല്ല. അവരെ ആശുപത്രികളിലെത്തിക്കാനുള്ള നടപടികളുണ്ടാകണമെന്നും മന്ത്രി അറിയിച്ചു.

കൊറോണ ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ ജില്ലകളിലും കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികള്‍ വീതം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തില്‍ തുടരണം. ഇത്തരത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ജീവിത പ്രയാസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ധാരാളം വളണ്ടിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എല്ലായിടത്തും സേനവനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുകയാണെന്നും കെ.കെ ശൈലജ വ്യക്തമാക്കി.

ചൈനയില്‍നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം വീടുകളിലും ആശുപത്രികളിലുമായി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.അതേസമയം ചൈനയില്‍ രോഗബാധമൂലം മരണപ്പെട്ടവരുടെ എണ്ണം ഉയരുകയാണ്, 213 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്. കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ലോക ആരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലായി 9700 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top