സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കാസര്‍കോട് സ്വദേശി

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്.

തുടര്‍ന്ന് ഇവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു.ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തില്‍ വലിയ തോതില്‍ ഓക്സിജന്റെ അളവ് കുറയുകയും കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഇവരെ വെന്റിലേറ്ററിലാക്കിയിരുന്നു.ഇവരുടെ രോഗത്തിന്റെ ഉറവിടം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ഇത് വരെ ലഭ്യമായിട്ടില്ല.

കാസര്‍കോട് ജില്ലയില്‍ മരിച്ച നാല് പേരില്‍ രണ്ട് പേരുടെയും രോഗ ഉറവിടം അറിയില്ല. കാസര്‍കോട് ജില്ലയില്‍ ഇന്നലെ മാത്രം 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 98 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 21 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം, കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകള്‍ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. 52 വയസ്സായിരുന്നു. ഇവര്‍ക്ക് കൊവിഡാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top