കൊറോണ എന്നാല്‍ ആകാശഗംഗ; ഗുജറാത്തില്‍ ഹോട്ടലിന്റെ പേര് കൊറോണ

2015 മുതല്‍ ഗുജറാത്തില്‍ കൊറോണയുണ്ട്. ഗുജറാത്തിലെ ബനസ്‌കന്ദയിലെ പ്രമുഖ ഹോട്ടലിന്റെ പേരാണ് കൊറോണ. ഗുജറാത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നാണിത്. മുമ്പ് യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമാണ് ഇവിടെ ആളുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൊറോണ ഹോട്ടല്‍ തപ്പിപ്പിടിച്ച് ആളുകള്‍ എത്തുന്നത് ഹോട്ടലിന്റെ ഫോട്ടോയെടുക്കാനാണ്.

ഇത്രയും കാലം ഒരു കൗതുകവും ജനിപ്പിക്കാത്ത കൊറോണയെന്ന പേര് ഹോട്ടലിന്റെ പ്രശസ്തി മറ്റൊരു ലെവലിലേക്കെത്തിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്.

സിദ്ദ്പുര്‍ സ്വദേശിയായ ബര്‍കത് ഭായിയാണ് കൊറോണ ഹോട്ടലിന്റെ ഉടമ. ഹോട്ടല്‍ ആരംഭിക്കുമ്പോള്‍ ഏതെങ്കിലും നല്ലൊരു പേര് എന്ന് മാത്രമേ കരുതിയിരുന്നുള്ളൂവെന്ന് ബര്‍കത് ഭായി പറയുന്നു.

കൊറോണയെന്ന വാക്കിന് ഉര്‍ദുഭാഷയിലെ അര്‍ത്ഥം ആകാശഗംഗ എന്നാണ്. അത് നല്ലതെന്ന് തോന്നിയതു കൊണ്ട് കൊറോണ എന്ന് പേര് തന്നെ ഹോട്ടലിന് നല്‍കിയെന്ന് ബര്‍കത് കൂട്ടിച്ചേര്‍ത്തു.

കൊറോണവൈറസ് വ്യാപനത്തിന് മുമ്പ് ജോധ്പുര്‍-പാലി ഹൈവേയിലൂടെയുള്ള സഞ്ചാരികള്‍ക്ക് കൊറോണ മറ്റ് ഹോട്ടലുകളെപ്പോലെ ഒരു സാധാരണ ഹോട്ടലായിരുന്നു. എന്നാലിപ്പോള്‍ അതു വഴി കടന്നു പോകുന്നവര്‍ ഹോട്ടലിന്റെ പേര് കണ്ടമ്പരന്ന് നിര്‍ത്തി ഫോട്ടോയെടുത്ത് പോകുന്നത് പതിവായിട്ടുണ്ടെന്ന് ചിരിയോടെ ബര്‍കത് ഭായി പറഞ്ഞു.

കൊറോണ ഹോട്ടലിന് ഗുജറാത്തിലെ കൊറോണ വൈറസുമായി ഒരു ബന്ധവുമില്ലെങ്കിലും സംസ്ഥാനത്ത് കൊറോണ വ്യാപനം ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം കൊറോണ രോഗികള്‍ ഗുജറാത്തിലാണ്.

Top