കൊറോണ ദേവിയ്ക്കു വേണ്ടി കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം !

ലോകമെമ്പാടും ഭീതിവിതച്ച് പടര്‍ന്ന് പിടിക്കുന്ന കൊറോണയെ ദേവിയായി സങ്കല്‍പിച്ച് കേരളത്തില്‍ ഒരു ആരാധനാ കേന്ദ്രം. കൊല്ലം കടയ്ക്കല്‍ ചിതറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുഹൂര്‍ത്തം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അനിലനാണ് വസതിയോടു ചേര്‍ന്നുള്ള പൂജാമുറിയില്‍” ഈ വൈറസിനെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കുന്നത്.

അനിലന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

”ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണെന്നാണ് അനിലന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദര്‍ശിക്കാന്‍ പഠിക്കുന്ന ഹൈന്ദവ സങ്കല്‍പ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവന്‍ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.

ഉദ്യോഗസ്ഥന്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രവാസികള്‍ എന്നിവരുടെ നന്മക്കു വേണ്ടിയാണ് കൊറോണാദേവിയെ പൂജിക്കുന്നതെന്നും അനിലന്‍ പറയുന്നു.’വൈറസിനെ ചെറുത്തു തോല്‍പ്പിക്കുന്നതു വരെ ലോകത്തിലെ ഭരണ – പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പു മുമ്പില്‍ കണ്ടു കൊണ്ടുള്ള ‘മുതലെടുപ്പു രാഷ്ട്രീയം’ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് കൊറോണ ദേവിക്കു വേണ്ടി ഭക്തജനങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആത്മപൂജ’

അവശതയനുഭവിക്കുന്നവരെ സഹായിച്ചതിനു ശേഷം ആ വിവരം രഹസ്യമായി അറിയിച്ചാല്‍ ദേവീപൂജ നടത്തിയ പ്രസാദം തപാലില്‍ അയച്ചു തരുന്ന വഴിപാടു രീതിയാണ് ഇവിടെ അവലംബിക്കുന്നതെന്നും അനിലന്‍ പറയുന്നു. അതേസമയം വാക്‌സിന്‍ കണ്ടെത്തേണ്ടതു മെഡിക്കല്‍ വിദഗ്ധരാണെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

Top