‘കൊറോണ എക്‌സ്പ്രസ്’ നിങ്ങളുടെ എക്‌സിറ്റ് എക്‌സ്പ്രസ് ആയി മാറും: കടന്നാക്രമിച്ച് അമിത് ഷാ

mamatha-amithshah-news

ന്യൂഡൽഹി: അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളെ ‘കൊറോണ എക്‌സ്പ്രസ്’ എന്നു വിശേഷിപ്പിച്ച ബംഗാൾ മുഖ്യന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സ്പ്രസ് പ്രസ്താവന മമതയ്ക്ക് ഭരണത്തിൽ നിന്ന് പുറത്തേക്കുള്ള വഴിയാണെന്ന് ബംഗാളിലെ ബിജെപി പ്രവർത്തകരുമായുള്ള ജൻസംവാദ് വെർച്വൽ റാലിയിൽ ഷാ പറഞ്ഞു.

‘മമതാ ദീദി, നിങ്ങൾ നൽകിയ ‘കൊറോണ എക്‌സ്പ്രസ്’ എന്ന പേര് നിങ്ങളുടെ എക്‌സിറ്റ് എക്‌സ്പ്രസ് ആയി മാറും. അതിഥി തൊഴിലാളികളുടെ മുറിവുകളിൽ നിങ്ങൾ ഉപ്പ് തേച്ചു. അവരത് മറക്കില്ല’- അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം റെയിൽവേയാണെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. ശ്രമിക് ട്രെയിനുകളിൽ സാമൂഹിക അകലം ഇല്ല. ഭക്ഷണമില്ല. വെള്ളമില്ല, ഒന്നുമില്ല. അവർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? അവർ ശ്രമിക് ട്രെയിനുകൾ ഓടിക്കുകയാണോ അതോ കൊറോണ എക്‌സ്പ്രസ് ഓടിക്കാൻ ശ്രമിക്കുകയാണോ?’ എന്നായിരുന്നു മമതയുടെ വിമർശനം. ഇതിനെതിരെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

Top