കൊവിഡ് 19: 24 മണിക്കൂറിനിടെ 227 കേസ്, 11 മരണം, ആകെ രോഗ ബാധിതര്‍ 1251

ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക് ഡൗണിലാണെങ്കിലും ദിനം പ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടക്ക് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 227 പേര്‍ക്കാണ്.
ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1251 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 32 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 11 പേരാണ് മരിച്ചത്. ഇതില്‍ ആറു പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡല്‍ഹിയിലാണ്. ഇതോടെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97ആയി. രണ്ട് പേരാണ് ഡല്‍ഹിയിലിതുവരെ മരിച്ചത്.

രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ രണ്ടായി. കേരളത്തില്‍ 213 കൊവിഡ് കേസുകളാണ് ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ല്‍ നിന്ന് 1000ത്തിലേക്കെത്താന്‍ 12 ദിവസമെടുത്തു.മറ്റ് രാജ്യങ്ങളില്‍ ഈ വര്‍ധന അതിവേഗം സംഭവിച്ചിരുന്നു.

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകളും ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. അടുത്ത മാസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന തരത്തില്‍ പ്രചരിച്ച സമൂഹമാധ്യമ സന്ദേശം വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു.

Top