കോപ്പിയടിക്കാന്‍ സഹായി കാമുകന്‍; കൈയ്യോടെ പിടികൂടി ഫ്‌ളൈയിങ് സ്‌ക്വാഡ്

പട്ന: കോപ്പിയടി തടയുന്നതിനായി വന്‍ സുരക്ഷാസന്നാഹത്തോടുകൂടിയാണ് ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയത്. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം ഉപയോഗിച്ച് പരിശോധന നടത്തിയതിനുശേഷമായിരുന്നു വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, ഈ സുരക്ഷാക്രമീകരണങ്ങളെല്ലാം മറികടന്ന് വിദ്യാര്‍ഥിനിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ പിടിയില്‍

ബിഹാറിലെ അര്‍വാല്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറമാനാണെന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷ ഹാളില്‍ കയറിക്കൂടിയത്. പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയ ഫ്ളൈയിങ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഇതിനുമുമ്പും നരേഷ് പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, അര്‍വാലിലെ ഉമൈറാബാദ് ഹൈസ്‌കൂള്‍, കിജാര്‍ ഹൈസ്‌കൂള്‍, എസ്എസ്എസ്ജിഎസ് അര്‍വാള്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍നിന്നായി കോപ്പിയടിച്ച ഏഴ് വിദ്യാര്‍ഥികളെ പിടികൂടിയതായി ഫ്ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്. മുന്‍വര്‍ഷങ്ങളിലെ പരീക്ഷ കോപ്പിയടി വലിയ വാര്‍ത്തയായതോടെയാണ് ബിഹാറില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയത്.

Top