‘എക്‌സാലോജിക്കിനെതിരായ അന്വേഷണം തീര്‍ത്തും നിയമപരം’; കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: മാസപ്പടി കേസില്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. നേരത്തെ ഹര്‍ജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് 46 പേജുള്ള വിശദമായ വിധിപ്പകര്‍പ്പ് ഇപ്പോള്‍ പുറത്തുവന്നത്. എക്‌സാലോജിക്കിനെതിരായ അന്വേഷണം തീര്‍ത്തും നിയമപരമാണെന്നാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നത്.നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത്.

അതില്‍ നിയമപരമായി യാതൊരു തടസ്സവും നിലവില്‍ ഉന്നയിക്കാന്‍ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാന്‍ കഴിയില്ല. അന്വേഷണം തടയണം എന്ന് കാട്ടി എക്‌സാലോജിക്ക് ഉന്നയിച്ച ഒരു വാദങ്ങളും നിലനില്‍ക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തില്‍ ആണ് എസ്എഫ്‌ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവില്‍ എക്‌സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരം ആയതിനാല്‍ ഹര്‍ജി തള്ളുന്നു എന്നുമാണ് വിധിയിലുള്ളത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ വീണ വിജയന് തിരിച്ചടിയായി മാറുകയാണ്.

Top