അമിത് ഷായെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് പൊലീസിന്റെ മര്‍ദനം

അലഹബാദ്: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച ശേഷമായിരുന്നു പൊലീസുകാരന്റെ അതിക്രമം.
ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അമിത് ഷായുടെ വാഹനവ്യൂഹം കടന്നുവരുന്നതിനിടെ നേഹ യാദവ് (24), രമ യാദവ് (24) എന്നിവര്‍ വാഹനത്തിന് മുന്നിലേക്ക് ചാടി വീണത്. പിന്നീട് ഇവരെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ച് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു പൊലീസുകാരന്‍ ലാത്തി കൊണ്ട് പെണ്‍കുട്ടിയെ അടിക്കുന്നതും വീഡിയോയില്‍ കാണാം. വനിതാ പൊലീസുകാരില്ലാതെ പെണ്‍കുട്ടികളെ ഉപദ്രവിച്ച പൊലീസിന്റെ നടപടിയില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

Top