തെലങ്കാനയിലെ ദുരഭിമാനകൊല ഒരു കോടി രൂപയുടെ കോട്ടേഷൻ: പ്രതികൾക്ക് ഐഎസ്ഐ ബന്ധവും

honour killing

നല്‍ഗോണ്ട: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് പട്ടാപ്പകല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. ബീഹാറില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത്.

ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികള്‍ കൊലപാതകം നടത്തുന്നതിനായി ഉറപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കോട്ടേഷന്‍ സംഘത്തിന് പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ബന്ധമുള്ളതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു.

കേസില്‍ ഭാര്യാപിതാവിനെതിരെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ഗര്‍ഭം അലസിപ്പിക്കാനും ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വരാനും അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന പെണ്‍കുട്ടിയുടെ വാക്കുകളാണ് കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ അച്ഛനാണോ എന്ന സംശയം വര്‍ദ്ധിപ്പിക്കുന്നത്.

2018 ജനുവരിയിലാണ് പെരുമല്ല പ്രണയ് കുമാറും അമൃതവര്‍ഷിണി റാവുവും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അതുകൊണ്ടുതന്നെ അമൃതവര്‍ഷിണിയുടെ കുടുംബത്തിന്റെ ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം പ്രണയിയുടെ കൊലപാതകത്തിന് കാരണക്കാര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ പിതാവ് മാരുതി റാവുവും അമ്മാവനുമാണെന്ന് അമൃതവര്‍ഷിണി ആദ്യം മുതല്‍ ആരോപിച്ചിരുന്നു.

കൊലപാതകം നടത്തുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്താണ് ബീഹാറില്‍ നിന്ന് കൊലയാളി സംഘത്തെ വാടകയ്‌ക്കെടുത്തത്. കൃത്യം നടത്തുന്നതിന് മുമ്പ് 18 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഉന്നത സ്വാധീനവും പിടിപാടുമുള്ള റിയല്‍എസ്റ്റേറ്റ് ഇടപാടുകാരനാണ് അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രണയ് കുമാറിനെ അമൃതവര്‍ഷിണിയുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതവര്‍ഷിണിക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു കൊലപാതകം. ശരീരത്തില്‍ ആഴത്തിലുള്ള വെട്ടേറ്റതിനാല്‍ സംഭവസ്ഥലത്തു വച്ചു തന്നെ പ്രണയ് മരിച്ചു.

Top