കോപ്പ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തില്‍

റിയോ: ബ്രസീലിയന്‍ താരങ്ങള്‍ ബഹിഷ്‌കരണം പിന്‍വലിച്ചെങ്കിലും കോപ്പ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തില്‍. കോപ്പ അമേരിക്ക നടത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ബ്രസീലിയന്‍ സുപ്രീം കോടതി ഉടന്‍ വിധി പറയും. ഞായറാഴ്ചയാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവേണ്ടത്.

കോപ്പ അമേരിക്ക വേദിയായി ബ്രസീലിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അനിശ്ചിതത്വവും തുടങ്ങിയിരുന്നു. ബ്രസീലില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ കോണ്‍മബോളിന്റെ തീരുമാനം അനുചിതമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.

അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ട ടൂര്‍ണമെന്റാണ് കഴിഞ്ഞയാഴ്ച ബ്രസീലിലേക്ക് മാറ്റിയത്. കൊളംബിയക്ക് രാഷ്ട്രീയ സാഹചര്യങ്ങളുംഅര്‍ജന്റീനയ്ക്ക് കൊവിഡ് വ്യാപനവും തിരിച്ചടിയാവുകയായിരുന്നു.

അര്‍ജന്റീനയിലേ അതേ കൊവിഡ് സാഹചര്യമാണ് ഇപ്പോള്‍ ബ്രസീലിലും. ഈ പശ്ചാത്തലത്തിലാണ് ബ്രസീലിലെ പ്രതിപക്ഷ പാര്‍ട്ടികളും ആരോഗ്യപ്രവര്‍ത്തകരും താരങ്ങളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയത്.

എതിര്‍പ്പ് വകവയ്ക്കാതെ ടൂര്‍ണമെന്റുമായി മുന്നോട്ടുപോകുമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സൊനാരോ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നാലരലക്ഷത്തിലേറെ കൊവിഡ് മരണം നടന്ന ബ്രസീലില്‍ കോപ്പ അമേരിക്ക നടത്തുന്നത് വന്‍ദുരത്തിന് കാരണമാകുമെന്നാണ് പരാതി. ഇതേസമയം, കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബ്രസീലിയന്‍ താരങ്ങള്‍ പിന്‍മാറി. കോണ്‍മബോളിനെ രൂക്ഷമായി വിമര്‍ശിച്ച താരങ്ങള്‍, വിയോജിപ്പോടെ കോപ്പയില്‍ കളിക്കുമെന്നും വ്യക്തമാക്കി.

 

Top