കോപ അമേരിക്ക; തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി മെസ്സി

കോപ അമേരിക്ക ടൂര്‍ണമന്റെ് അധികൃതരെയും റഫറിമാരെയും കുറ്റപ്പെടുത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി. ബ്രസീലുമായി നടന്ന കളിയിലെ തോല്‍വിക്ക് ശേഷമായിരുന്നു പ്രതികരണം. കോപ അധികൃതര്‍ ബ്രസീലിന് അനുകൂലമായി പെരുമാറിയെന്നും അത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മെസ്സി വിമര്‍ശനം ഉന്നയിച്ചത്. റഫറിയെയും വീഡിയോ അസിസ്റ്റന്റ് റഫറിയെയും ബാഴ്സലോണ സൂപ്പര്‍താരം രൂക്ഷമായി വിമര്‍ശിച്ചു.

മത്സരത്തില്‍ അഗ്യൂറോയെ വീഴ്ത്തിയതിന് അര്‍ജന്റീനക്ക് റഫറി പെനാല്‍റ്റി നല്‍കിയിരുന്നില്ല. ഇത് വാറില്‍ പരിശോധിക്കാനും ഇവര്‍ തയ്യാറായില്ല. ഈ തീരുമാനത്തിലാണ് മെസ്സി പ്രകോപിതനായത്. മാച്ച് ഒഫീഷ്യല്‍ വാര്‍ പോലും പരിശോധിച്ചില്ല, ഇത് അവിശ്വസനീയമാണ്. മത്സരത്തിലുടനീളം അത് സംഭവിച്ചു. ബ്രസീല്‍ നമ്മേക്കാള്‍ മികച്ചവരായിരുന്നില്ല. അവര്‍ നേരത്തെ തന്നെ ഗോള്‍ കണ്ടെത്തി. അഗ്യൂറോക്ക് സമ്മാനിക്കാത്ത പെനാല്‍റ്റിയില്‍ നിന്ന് അവര്‍ രണ്ടാമത്തെ ഗോള്‍ കണ്ടെത്തി- മെസ്സി വ്യക്തമാക്കി.

ഞാന്‍ റഫറിയുമായി സംസാരിച്ചു, ഞങ്ങളെ ബഹുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ ഒരു നിമിഷവും ഞാനത് കണ്ടില്ല.ഞങ്ങള്‍ മികച്ച മത്സരം കളിച്ചുവെന്ന് കരുതുന്നു. വലിയ ശ്രമം നടത്തി. ബ്രസീല്‍ നമ്മേക്കാള്‍ വലിയവരല്ല. അര്‍ജന്റീനക്ക് മുന്നില്‍ ശോഭനമായ ഭാവിയുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍വിയില്‍ ഞങ്ങള്‍ക്ക് ഒഴികഴിവുകളൊന്നുമില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇത് അവലോകനം ചെയ്യേണ്ടതുണ്ടെന്നും മെസ്സി പറഞ്ഞു.

സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയെ ബ്രസീല്‍ തോല്‍പിച്ചത്. 19ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും 71ാം മിനുട്ടില്‍ ഫിര്‍മിനോയുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്. പഴയ മെസിയായില്ലെങ്കിലും മനോഹരമായ ചില നീക്കങ്ങള്‍ താരം മൈതാനത്ത് നടത്തി. നാല് ഫ്രീ കിക്കുകള്‍ മെസി എടുത്തെങ്കിലും ഒന്നും ഗോളായില്ല. മെസ്സിയുടെ നീക്കങ്ങള്‍ക്ക് കൃത്യമായ പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്കായില്ല.

Top