അടുത്തവര്‍ഷം യു.എസില്‍ കോപ്പ അമേരിക്ക നടക്കാനിരിക്കേ ബ്രസീലിന് വന്‍ തിരിച്ചടി

റിയോ ഡി ജനൈറോ: അടുത്തവര്‍ഷം യു.എസില്‍ കോപ്പ അമേരിക്ക നടക്കാനിരിക്കേ ബ്രസീലിന് വന്‍ തിരിച്ചടി. മുന്നേറ്റ താരം നെയ്മറിന് കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനാവില്ലെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ ചൊവ്വാഴ്ച വ്യക്തമാക്കി, കാല്‍മുട്ടിലെ പരിക്ക് കാരണമാണ് നെയ്മറിന് കളിക്കാൻ സാധിക്കാത്തത്.

അതേസമയം അടുത്തവര്‍ഷം ഓഗസ്റ്റില്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഡോക്ടര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കാല്‍മുട്ട് ലിഗമെന്റ് ശസ്ത്രക്രിയ കഴിഞ്ഞാല്‍ സാധാരണമായി സുഖപ്പെടാന്‍ ഒന്‍പത് മാസമെടുക്കും. ക്ഷമ വേണം. ജീവശാസ്ത്രപരമായ ആ സമയത്തെ ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. ലിഗമെന്റ് ശരിയാവാന്‍ എടുക്കുന്ന സമയമാണത്. അതിനു മുന്‍പുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നത് അപക്വമാണെന്നും ഡോക്ടര്‍ പറഞ്ഞു.

ബ്രസീലിനുവേണ്ടി 129 മത്സരങ്ങളില്‍നിന്നായി 79 ഗോളുകള്‍ നെയ്മര്‍ നേടിയിട്ടുണ്ട്. 31-കാരനായ താരം നിലവില്‍ സൗദി പ്രോ ലീഗ് ക്ലബായ അല്‍ഹിലാലിലാണ് കളിക്കുന്നത്. നേരത്തേ പി.എസ്.ജി.ക്കുവേണ്ടി കളിച്ച താരത്തെ ഏതാണ്ട് 819 കോടി രൂപയ്ക്കാണ് സൗദി ക്ലബ് സ്വന്തമാക്കിയത്. പരിക്കേല്‍ക്കുന്നതിനുമുന്‍പ് അല്‍ ഹിലാലിനുവേണ്ടി അഞ്ച് മത്സരങ്ങളില്‍മാത്രമാണ് താരം ഇറങ്ങിയത്. ഒരു ഗോളും നേടി.

Top