കോപ അമേരിക്ക ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീലിന് വിജയം

കോപ അമേരിക്ക ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍. ഫിലിപ്പ് കൊടീഞ്ഞോ നേടിയ ഇരട്ടഗോളുകളും എവര്‍ട്ടന്‍ സൊവാരസ് നേടിയ ഗോളുമാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.

രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നുമാണ് കൊടീഞ്ഞോ ടീമിനെ ആദ്യം മുന്നില്‍ എത്തിച്ചത്. ബൊളീവിയന്‍ പ്രതിരോധ താരം അഡ്രിയാന്‍ ജസീനോ പെനാല്‍റ്റി ബോക്സില്‍ പന്ത് കൈകൊണ്ട് തൊട്ടതിന് കിട്ടിയ പെനാല്‍റ്റി ബാഴ്സിലോണ താരം വലയിലാക്കി. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫിലിപ്പെ കൊടീഞ്ഞോ ടീമിനായി രണ്ടാം ഗോളും നേടി. റോബര്‍ട്ടോ ഫിര്‍മിനോ അളന്നു തൂക്കി ബോക്സിലേക്ക് നല്‍കിയ പന്ത് ക്ളോസ്റേഞ്ച് ഷോട്ടില്‍ കുടീഞ്ഞോ വലയില്‍ എത്തിക്കുകയായിരുന്നു. ഡേവിഡ് നെരസിന് പകരക്കാരനായി എത്തിയ എവര്‍ട്ടന്‍ സോറസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ നല്‍കിയ പന്ത് ബോക്സിന് പുറത്ത് നിന്നും സോറസ് വലയിലെത്തിച്ചു.

ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ കൂടുതല്‍ സമയം പന്തു കൈവശം വെച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും ബ്രസീലായിരുന്നു. എതിരാളികള്‍ക്ക് പന്ത് കൊടുക്കാതെ വയ്ക്കുന്നതില്‍ ബ്രസീല്‍ വിജയിച്ചപ്പോള്‍ 75- 25 എന്ന ശതമാനത്തില്‍ ആയിരുന്നു ബോള്‍ പൊസിഷന്‍. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീലിന്റെ ആക്രമണ ചുമതല മദ്ധ്യനിരക്കാരന്‍ കുടീഞ്ഞോയിലും മുന്നേറ്റക്കാരന്‍ ജീസസിലുമായിരുന്നു.

Top