കോപ്പ അമേരിക്ക ബ്രസീലില്‍; താരങ്ങള്‍ക്കെല്ലാം എതിര്‍പ്പെന്ന് കാസിമിറോ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക നടത്തിപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മത്സരങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്നതില്‍ ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടെന്ന് നായകന്‍ കാസിമിറോ പറഞ്ഞു.

കൊവിഡ് വ്യാപനത്തില്‍ നട്ടംതിരിയുകയാണ് ബ്രസീല്‍. ഇതിനിടെയാണ് ഈ മാസം പതിമൂന്നിന് കോപ്പ അമേരിക്കയ്ക്ക് ബ്രസീലില്‍ തുടക്കമാവുന്നത്. അര്‍ജന്റീനയും കൊളംബിയയുമായിരുന്നു യഥാര്‍ഥ വേദികള്‍. കൊളംബിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളും അര്‍ജന്റീനയിലെ കൊവിഡ് വ്യാപനവും കോപ്പയുടെ വേദി അവസാന നിമിഷം മാറ്റാന്‍ കാരണമായി.

പകരം വേദിയായി കോണ്‍മെബോള്‍ ബ്രസീലിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് താരങ്ങള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അര്‍ജന്റീനയിലെ സമാന സാഹചര്യമാണ് ബ്രസീലിലും. ഈ സമയത്ത് മത്സരങ്ങള്‍ നടത്തുന്നത് അനുചിതമാണ്. ബ്രസീല്‍ ടീമിലെ എല്ലാവര്‍ക്കും ഈ തീരുമാനത്തില്‍ എതിര്‍പ്പുണ്ട്.

പരാഗ്വേയ്‌ക്കെതിരായ ബുധനാഴ്ചത്തെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താരങ്ങള്‍ അന്തിമ നിലപാട് വ്യക്തമാക്കുമെന്നും ബ്രസീല്‍ നായകന്‍ കാസിമിറോ പറഞ്ഞു. കോച്ച് ടിറ്റെയുടെ പൂര്‍ണപിന്തുണ താരങ്ങള്‍ക്കുണ്ടെന്നും കാസിമിറോ അവകാശപ്പെടുന്നു.

അര്‍ജന്റീന, ചിലെ, ഉറൂഗ്വേ ടീമുകളിലെ താരങ്ങള്‍ക്കും കോപ്പ അമേരിക്കയ്ക്ക് ബ്രസീല്‍ വേദിയാവുന്നതില്‍ എതിര്‍പ്പുണ്ട്. സ്വന്തം താരങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് ഞെട്ടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം.

 

Top