കോപ്പ അമേരിക്ക; പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. ലൂക്കാസ് പക്വേറ്റയാണ് വിജയഗോള്‍ നേടിയത്. ഫൈനലില്‍ അര്‍ജന്റീന കൊളംബിയ മത്സര വിജയിയെ ബ്രസീല്‍ നേരിടും.

പെറുവിനെതിരെ ആദ്യ പകുതിയില്‍ കൃത്യമായ മുന്‍തൂക്കം ബ്രസീലിനായിരുന്നു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിന് ലീഡ് നല്‍കി. നെയ്മറുടെ പാസില്‍ നിന്നാണ് പക്വേറ്റയുടെ ഗോള്‍. ക്വാര്‍ട്ടര്‍ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീല്‍ ചിലിയെ തോല്‍പ്പിച്ചത്.

ആദ്യപകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് പായിച്ചത്. ഫിനിഷിംഗിലെ പിഴവില്ലായിരുന്നെങ്കില്‍ 45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ബ്രസീലിന് ഗോള്‍മഴ പെയ്യിക്കാമായിരുന്നു.

രണ്ടാം പകുതിയിലും ബ്രസീലിയന്‍ മേധാവിത്വം പുലര്‍ത്തി. 71ാം മിനുറ്റില്‍ റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോര്‍ണറില്‍ ഒതുങ്ങി. സമനിലക്കായുള്ള പെറുവിന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടില്ല.

Top