കോപയ്‌ക്കെതിരേ വിവാദ പരാമര്‍ശം; മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ മൂന്നു മാസം വിലക്ക്

ബുവേനോസ് ആരീസ്: മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ മൂന്നു മാസം വിലക്കേര്‍പ്പെടുത്തി സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന് മെസി നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.

കോപ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്കെതിരേയുള്ള മത്സരത്തില്‍ ഗാരി മെഡലുമായി കളിക്കളത്തില്‍ ഏറ്റുമുട്ടിയതിതിന് മെസിക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് താരം വിവാദ പരാമര്‍ശം നടത്തിയത്. റഫറിക്കെതിരേയും മെസി കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. കൂടാതെമൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ സ്വീകരിക്കാനും താരം തയ്യാറായില്ല.

ബ്രസീലിനു കപ്പ് നല്കാനുള്ള കള്ളക്കളികള്‍ നടന്നതായി മെസി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് മെസിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കും 1,500 ഡോളര്‍ (1.03 ലക്ഷം രൂപ) പിഴ ശിക്ഷയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു മാസം രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള തീരുമാനവും എത്തുന്നത്.

വിലക്കുള്ളതിനാല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന സൗഹൃദ ഫുട്‌ബോളില്‍ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ മെസിക്ക് കഴിയില്ല. ചിലി, മെക്‌സിക്കോ, ജര്‍മനി ടീമുകള്‍ക്കെതിരെയാണ് മത്സരങ്ങള്‍. 2022 ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരവും മെസിക്ക് നഷ്ടമാകുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

Top