400 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ ബോംബുമായി പൊലീസുകാരന്റെ കിലോമീറ്റർ ഓട്ടം

ഭോപ്പാല്‍: സ്വന്തം ജീവന്‍ പണയം വച്ച് ആ പൊലീസുകാരന്‍ ഓടിയത് നാനൂറ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാന്‍.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോരയിലെ സ്‌കൂളില്‍ നിന്നു കണ്ടെത്തിയ ബോംബുമായാണ് വിജനമായ സ്ഥലം ലക്ഷ്യമാക്കി പൊലീസുകാരനായ അഭിഷേക് പട്ടേല്‍ ഒരു കിലോമീറ്ററോളം ഓടിയത്.

രാജ്യത്തിലെ പൊലീസ് സേനയുടെയാകെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ പൊലീസുകാരനിപ്പോള്‍.

വെള്ളിയാഴ്ച വൈകുന്നേരമാണ് സാഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് ഭീഷണിയുമായി ഒരു അജ്ഞാത ഫോണ്‍ സന്ദേശമെത്തുന്നത്. സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ചിത്തോരയിലെ സ്‌കൂളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം.

ഉടനടിതന്നെ സ്‌കൂളിലേക്ക് ‘പറന്ന’പൊലീസ് സംഘം വിശദമായ പരിശോധനയില്‍ ബോംബ് കണ്ടെത്തുകയായിരുന്നു.

10 കിലോയിലധികം ഭാരം വരുന്നതായിരുന്നു ഈ ബോംബ്. സ്‌കൂള്‍ സമയം അവസാനിക്കാന്‍ രണ്ടു മണിക്കൂര്‍ ബാക്കിനില്‍ക്കെ, കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാഗര്‍ സ്റ്റേഷനിലെ പൊലീസുകാരനായ അഭിഷേക് പട്ടേല്‍ ബോംബുമായി വിജനമായ പ്രദേശത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ സ്‌കൂള്‍ തല്‍ക്കാലത്തേക്ക് പൂട്ടാന്‍ പൊലീസ് സംഘം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
21175844_1995391257363405_768767338_n

സംഭവ സ്ഥലത്തെത്തിയ മാധ്യമസംഘമാണ് ബോംബുമായി പൊലീസുകാരന്‍ ഓടുന്ന ദൃശ്യം പകര്‍ത്തിയത്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനകംതന്നെ വൈറലായിക്കഴിഞ്ഞു.

എന്നാല്‍ സ്‌കൂളില്‍ ബോംബ് സ്ഥാപിച്ചതാരാണെന്നോ ഇക്കാര്യം വിളിച്ചു പറഞ്ഞതാരെന്നോ കണ്ടെത്താനായിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബോംബ് കണ്ടെത്തി അവസരോചിതമായി പെരുമാറിയ പൊലീസ് സംഘത്തിലെ എല്ലാവര്‍ക്കും പാരിതോഷികം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെയും സ്‌കൂളിനു സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും ജീവന്‍ രക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ആ സമയത്ത് തനിക്കുണ്ടായിരുന്നുള്ളൂ എന്ന് അഭിഷേക് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെയും ഇതുപോലെ ബോംബ് കണ്ടെത്തിയ ഒരു പൊലീസ് സംഘത്തില്‍ അഭിഷേക് അംഗമായിരുന്നു. ബോംബ് പൊട്ടിയാല്‍ 500 മീറ്റര്‍ ചുറ്റളവില്‍ ദുരന്തമുണ്ടാകുമെന്ന് അന്ന് കേട്ടിരുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് ഇത് വിജനമായ ഏതെങ്കിലും സ്ഥലത്ത് എത്തിക്കാനായിരുന്നു ആ ഓട്ടമെന്ന് പട്ടേല്‍ പറയുന്നു.

Top