കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; വീഡിയോ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പരിശോധനക്കയച്ചു

ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ ഫൊറന്‍സിക് പരിശോധനക്കയച്ചു. ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവരം നല്‍കിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അപകടം നടന്ന പ്രദേശത്തെ ഹെട്രാന്‍സ്മിഷന്‍ വൈദ്യുതി ലൈനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. വനമേഖലയിലും തോട്ടങ്ങളിലും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്.

അതിനിടെ തകര്‍ന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങള്‍ അന്വേഷണ സംഘം നീക്കും. വെല്ലിംഗ്ടണ്‍ ആര്‍മി കന്റോണ്‍മെന്റിലേക്കാണ് യന്ത്ര ഭാഗങ്ങള്‍ കൊണ്ടു പോകുക. പ്രദേശത്ത് ശാസ്ത്രീയ പരിശോധന ഇന്നും തുടരുകയാണ്.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് കരസേന ആദരമൊരുക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങില്‍ വ്യോമസേന ദക്ഷിണ്‍ ഭാരത് ഏരിയ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ അരുണ്‍ പങ്കെടുക്കും. മുതിര്‍ന്ന വ്യോമ കരസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും

Top