കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത് മരണമടഞ്ഞ ഹെലികോപ്റ്റര്‍ അപകടത്തിലേക്ക് നയിച്ചത് കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടായിട്ടില്ല. നേരത്തെ സൂചനകള്‍ പുറത്തുവന്നതുപോലെ യന്ത്ര തകരാറോ, അശ്രദ്ധയോ അല്ല അപകടത്തിലേക്ക് നയിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കാലവസ്ഥയിലുണ്ടായ പെട്ടന്നുള്ള മാറ്റം പൈലറ്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത മൂടല്‍ മഞ്ഞിലൂടെ വിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അപകട സംഭവിച്ചതിന് പിന്നാലെ പുറത്തുവന്നിരുന്നു. അസാധാരണമായ മൂടല്‍ മഞ്ഞുണ്ടായിരുന്നു അപകട ദിവസമെന്ന് പ്രദേശവാസികളും സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ ജീവന്‍ നഷ്ടമായ അപകടത്തിന് പിന്നില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് പ്രതിരോധ വകുപ്പ് നീക്കം.

ഡിസംബര്‍ 8നാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പതിനാലു പേരുമായി പറന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ട പതിനാല് പേരും മരണപ്പെട്ടു. ആദ്യഘട്ടത്തില്‍ തന്നെ യന്ത്ര തകരാറല്ല അപകടത്തിന് കാരണമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു.

Top