കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികനും

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. തൃശൂര്‍ മരത്തക്കര സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപ് ആണ് മരണപ്പെട്ട മലയാളി.

എയര്‍ക്രാഫ്റ്റല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായിരുന്നു പ്രദീപ്. പുത്തൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പൊന്നൂക്കര ചെമ്പം കണ്ടം റോഡില്‍ മെമ്പിള്ളി അമ്പലത്തിന് സമീപം താമസക്കാരനായ അറക്ക്യല്‍ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മി. രണ്ട് മക്കളുണ്ട്.

ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ച 12.30 ഓടെ ഊട്ടിക്കു സമീപമുള്ള കുനൂരിലാണ് സിഡിഎസ് ജന. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേര്‍ സൈനിക വിമാനം തകര്‍ന്നുവീണ് മരിച്ചത്. ബ്രിഗേഡിയര്‍ ലിദ്ദര്‍, ലഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്, നായിക് ഗുരുസേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ബി സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങി ഹെലികോപ്ടറിലുണ്ടായിരുന്ന 14 യാത്രക്കാരില്‍ 13 പേരും അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു.

Top