വെളിച്ചെണ്ണയില്‍ 80% മായം; കൊള്ള ലാഭം കൊയ്ത് കച്ചവടക്കാര്‍!

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി വിപണിയിലെത്തുന്നതായി കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ കങ്കായമാണ് മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ മുഖ്യ വിപണന കേന്ദ്രം. കിലോയ്ക്ക് 80 രൂപ വിലവരുന്ന കൃത്രിമ എണ്ണയില്‍ നല്ല വെളിച്ചെണ്ണ കലര്‍ത്തി വില്‍ക്കുന്നതാണ് രീതി.

കൃത്രിമ എണ്ണയില്‍ 20 ശതമാനം മാത്രമാണ് ശുദ്ധമായ എണ്ണ അടങ്ങിയിരിക്കുന്നത്. ഇത് കിലോയ്ക്ക് 220 രൂപയാണ് വിപണിവില. ചേര്‍ക്കുന്ന എണ്ണ ഏതെന്ന് പരിശോധനകളിലും കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാര്‍ റിഫൈന്‍ഡ് ഓയില്‍ എന്ന വ്യാജനെ ആശ്രയിക്കുന്നത്. നല്ല വെളിച്ചെണ്ണ കിലോ ഒന്നിന് ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്റെ വില എണ്‍പത്തിനാലു രൂപ മാത്രമാണ്. അതായത്, വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്.

വെളിച്ചെണ്ണയില്‍ മാത്രമല്ല നല്ലെണ്ണയിലും, സൂര്യകാന്തി എണ്ണയിലും റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. കേരളത്തില്‍ പ്രചാരത്തിലുളള ഏറിയ പങ്ക് പാക്കറ്റ് എണ്ണയിലും ഈ കൃത്രിമം നടക്കുന്നുണ്ടെന്നും കച്ചവടക്കാരന്‍ വെളിപ്പെടുത്തി.

Top