സബ്‌സിഡി 2022ല്‍ അവസാനിക്കും; പാചകവാതക വില ഇനിയും വര്‍ദ്ധിക്കും?

പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില ആരും അറിയാതെ ചെറിയ തോതില്‍ വര്‍ദ്ധിച്ച് വരികയാണെന്ന് എത്ര പേര്‍ ശ്രദ്ധിച്ച് കാണും? ഈ സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ സിലിണ്ടറിന് ശരാശരി 10 രൂപ വീതമാണ് സബ്‌സിഡിയുള്ള പാചക വാതകത്തിന്റെ വില ഉയര്‍ന്നത്. വിപണി നിരക്കിന് തൊട്ടടുത്താണ് നമ്മുടെ പോക്കറ്റില്‍ നിന്നും ഇറക്കുന്നതെന്ന് ചുരുക്കം.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെയുള്ള സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഇന്ധന സബ്‌സിഡി 2022ഓടെ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് പാചകവാതകത്തിന് ചുരുങ്ങിയത് 100 മുതല്‍ 150 രൂപ വരെ സിലിണ്ടറിന് അധിക ചെലവ് വരും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഈ മാറ്റം സംജാതമാകും.

എണ്ണ വില കുറയുന്ന സാഹചര്യം മുതലാക്കി സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്ധന വിപണന കമ്പനികള്‍ക്ക്, സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ഇതുവഴി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം അനുസരിച്ചുള്ള സബ്‌സിഡി ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായും നിര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍.

2019 ജൂലൈ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ സബ്‌സിഡിയുള്ള എല്‍പിജി നിരക്കില്‍ സിലിണ്ടറിന് 63 രൂപയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ച് നടപ്പാക്കിയിട്ടുണ്ട്. മാസം 10 രൂപ നിരക്കില്‍ വര്‍ദ്ധനവ് സംഭവിച്ചാല്‍ 15 മാസം കൊണ്ട് കേന്ദ്ര സഹായമില്ലാതെ തന്നെ 14.2 കിലോയുടെ സിലിണ്ടര്‍ വില്‍പ്പന നടക്കും.

Top