പാചകക്കാരനായി ചമഞ്ഞ് പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍

hackers

ലക്‌നൗ ; ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ വീട്ടില്‍ പാചകക്കാരനായി ജോലിചെയ്തിരുന്നയാള്‍ പാക്ക് ചാരന്‍. ഉത്തരാഖണ്ഡ് സ്വദേശിയായ രമേശ് സിങായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്.

പാക്ക് ചാരസംഘടനനയായ ഐഎസ്‌ഐയ്ക്കു വേണ്ടി ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ചൊവ്വാഴ്ച രാത്രിയില്‍ സിങ്ങിനെ അറസ്റ്റു ചെയ്തു.

ഉത്തര്‍പ്രദേശിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡും സൈനിക രഹസ്യാന്വേഷണ വിഭാഗവും ഉത്തരാഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ നടപടിക്കൊടുവിലാണ് ഇയാളെ പിത്തോരഖണ്ഡിലെ ഗരലി ഗ്രാമത്തില്‍നിന്ന് പിടികൂടിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ സിങ്ങിനെ റിമാന്‍ഡ് ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പുതന്നെ ഉത്തരാഖണ്ഡ് ഡിജിപി തങ്ങളുടെ സഹായം തേടിയിരുന്നുവെന്ന് എടിഎസ് ഐജി: അസിം അരുണ്‍ പറഞ്ഞു.

2015-2017 കാലയളവിലാണ് സിങ് പാചകക്കാരനായി നയതന്ത്രജ്ഞന്റെ വീട്ടില്‍ ജോലി ചെയ്തത്. പാക്കിസ്ഥാനിലെത്തിയതിനുശേഷമാണ് സിങ് ഐഎസ്‌ഐയുമായി ബന്ധത്തിലാകുന്നത്. നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാല്‍ പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ സിങ് വീണുപോകുകയായിരുന്നു. ഉദ്യോഗസ്ഥന്റെ ഡയറിയും ചില രേഖകളും ഇയാള്‍ ഐഎസ്‌ഐയ്ക്കു കൈമാറിയതായാണു വിവരം.

Top