ബിനോയ് വിശ്വത്തിന്റെ ‘ആ’ ബോധ്യം, മൊത്തം ഇടതുപക്ഷത്തിന്റെ ബോധ്യമല്ല !

കോണ്‍ഗ്രസ്സുമായി ഒരു കാലത്തും വലിയ അഭിപ്രായ വ്യത്യാസം പുലര്‍ത്താത്ത പാര്‍ട്ടിയാണ് സി.പി.ഐ. കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കുക എന്ന വലതുപക്ഷ ചിന്താഗതിക്കാരുടെ നിലപാടാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിളര്‍പ്പിനും സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിനും പ്രധാന കാരണമായി മാറിയിരുന്നത്. വര്‍ഗ സഹകരണത്തിന്റെ പഴയ ആ റിവിഷനിസ്‌റ് ആശയം തന്നെയാണ് ഇപ്പോഴും സി.പി.ഐ പിന്തുടരുന്നത്.

പിളര്‍പ്പിനു ശേഷം 1965ല്‍, കേരളത്തില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) 40 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീര്‍ന്നു. സി.പി.ഐക്ക് മൂന്ന് സീറ്റുകള്‍ മാത്രമേ ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നൊള്ളൂ. ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങള്‍ സി.പി.ഐ (എം) നോട് ഒപ്പമാണെനാണ് തെളിയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും സി.പി. ഐ(എം) നെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവും വ്യാപകമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട വലതുപക്ഷ വ്യതിയാനത്തിനെതിരായി പോരാട്ടം നടത്തിയാണ് സി.പി.ഐ.എം കരുത്ത് തെളിയിച്ചിരുന്നത്. ആ കരുത്തിനു മുന്നില്‍ പതറിയ സി.പി.ഐക്ക് പിന്നീട് സി.പി.എമ്മിന്റെ നിഴലായി കൂടെ നില്‍ക്കേണ്ടി വന്നതും ചരിത്രമാണ്.

ഈ ചരിത്രം സി.പി.ഐയുടെ എം.പിയും ദേശീയ നേതാവുമായ ബിനോയ് വിശ്വവും മറന്നു പോകരുത്. ”കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് പറയുന്ന ബിനോയ് വിശ്വം പഴയ കോണ്‍ഗ്രസ്സ് സ്‌നേഹം തന്നെയാണ് ഇപ്പോഴും പ്രകടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ് സംഘടനകള്‍ ഇടംപിടിക്കുമെന്ന അദ്ദേഹത്തിന്റെ വാദത്തിലും പിഴവുകള്‍ ഏറെയുണ്ട്.

രാജ്യത്ത് ബി.ജെ.പിയെയും ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളെയും വളര്‍ത്തിയതു തന്നെ കോണ്‍ഗ്രസ്സാണ്. ലോകസഭയില്‍ വെറും രണ്ടു എം.പിമാര്‍ മാത്രം ഉണ്ടായിരുന്ന ബി.ജെ.പിയെ ഇപ്പോള്‍ തുടര്‍ച്ചയായി രാജ്യം ഭരിക്കുന്ന അവസ്ഥയിലേക്ക് മാറ്റിയത് തന്നെ കോണ്‍ഗ്രസ്സാണ്. നേരം ഇരുട്ടി വെളുക്കുന്നതിനും വേഗത്തിലാണ് ഖദര്‍ രാജ്യത്ത് കാവിയണിഞ്ഞു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ കോണ്‍ഗ്രസ്സിനു ഭരിക്കാന്‍ നല്‍കിയ കര്‍ണ്ണാടകയും ഗോവയും മധ്യപ്രദേശും എല്ലാം, ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്നതു തന്നെ ഖദര്‍ കാവിയണിഞ്ഞതു കൊണ്ടു മാത്രമാണ്. സ്വന്തം ജനപ്രതിനിധികളെ പോലും പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ഈ പാര്‍ട്ടിയെ ഇനിയും ജനങ്ങള്‍ വിശ്വസിക്കണമെന്നാണോ ബിനോയ് വിശ്വം പറയുന്നത് ?

പശ്ചിമ ബംഗാളില്‍ മമതയുടെ ഗുണ്ടാ ഭരണത്തെയും ബി.ജെ.പിയുടെ ഭീഷണിയെയും ചെറുക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സിനെ കൂട്ടു പിടിച്ചപ്പോള്‍ ഉണ്ടായ അവസ്ഥയും ബിനോയ് വിശ്വം മറന്നു പോകരുത്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയമാണ് ഇതോടെ ബംഗാളില്‍ നേരിടേണ്ടി വന്നിരുന്നത്. അതേസമയം കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തി ഒറ്റക്കു പൊരുതിയപ്പോള്‍ കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. വോട്ടിങ് നിലയിലെ ഈ വര്‍ദ്ധനവ് ബംഗാളിലെ ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

വിശ്വാസം, ….അത് രാഷ്ട്രീയത്തിലും ഏറെ പ്രധാനമാണ്. കോണ്‍ഗ്രസ്സില്‍ വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതു കൊണ്ടാണ് ആ പാര്‍ട്ടി ഇപ്പോള്‍ ഒന്നുമല്ലാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ്സിനൊപ്പം കൂടിയാല്‍ ഒപ്പമുള്ളവര്‍ക്കും തിരിച്ചടി ഏല്‍ക്കുമെന്നതാണ് നിലവിലെ അവസ്ഥ. ബീഹാറില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് ഭരണം നഷ്ടപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ പിടിപ്പു കേടു കൊണ്ടു മാത്രമാണ്. ആര്‍.ജെ.ഡി.യും ഇടതുപക്ഷവും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ആ മുന്നണിയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ പ്രകടനമാണ് മോശമായിരുന്നത്. അതു കൊണ്ടു മാത്രമാണ് നിതീഷ് കുമാര്‍ – ബി.ജെ.പി സഖ്യത്തിന് വീണ്ടും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നത്.

യു.പിയില്‍ മുന്‍പ് സമാജ് വാദി പാര്‍ട്ടിക്ക് സംഭവിച്ചതും ഇതു തന്നെയാണ്. കോണ്‍ഗ്രസ്സുമായി സഖ്യമായി മത്സരിച്ചപ്പോള്‍ ആ പാര്‍ട്ടിയും തകര്‍ന്നടിയുകയാണ് ഉണ്ടായത്. ഈ അനുഭവം ഉള്ളതു കൊണ്ടാണ്. ഇത്തവണ യു.പി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ലന്ന് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണമുള്ള പഞ്ചാബില്‍ പോലും കോണ്‍ഗ്രസ്സിന്റെ അവസ്ഥ പരിതാപകരമാണ്. ഇവിടെ അവര്‍ക്ക് ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി.ആര്‍.എസ്.എസ്. സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ ‘കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി വിലപിക്കുന്ന” ബിനോയ് വിശ്വം, ഈ യാഥാര്‍ത്ഥ്യങ്ങളും കാണാതെ പോകരുത്. ഇക്കാര്യത്തില്‍ ബിനോയ് വിശ്വത്തിന്റെ ബോധ്യം മൊത്തം ഇടതുപക്ഷക്കാരുടെ ബോധ്യമായി ചിത്രീകരിക്കേണ്ടതില്ല. അത് വലതുപക്ഷ കമ്യൂണിസ്റ്റു പാര്‍ട്ടിയായ സി.പി.ഐക്കാരുടെ മാത്രം ബോധ്യമായി കാണുന്നതാണ് ശരി.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ്പ് ഇന്ന് രാജ്യത്തെ മതനിരപേക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന യു.പി യില്‍ അതിശക്തമാണ് സമാജ് വാദി പാര്‍ട്ടി. അവിടെ കോണ്‍ഗ്രസ്സ് വട്ടപൂജ്യമാണെന്നതും നാം ഓര്‍ക്കണം. ബീഹാറില്‍ ആര്‍.ജെ.ഡി ഒറീസയില്‍ ബിജു ജനതാദള്‍, മഹാരാഷ്ട്രയില്‍ എന്‍.സി.പി, ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഗോവ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി കേരളത്തിലും ത്രിപുരയിലും ഇടതുപക്ഷം തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണി, ആന്ധ്രയില്‍ വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സ്, തെലങ്കാനയില്‍ ടി.ആര്‍.എസ്, ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും എല്ലാം കോണ്‍ഗ്രസ്സിനേക്കാള്‍ ശക്തിയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ്.

ഈ ലിസ്റ്റില്‍ ഇടതുപക്ഷം എന്നത് പ്രധാനമായും സി.പി.എമ്മാണ്. ബീഹാറില്‍ സി.പി.ഐ എം.എല്ലും ശക്തമാണ്. സി.പി.ഐക്ക് കാര്യമായ ഒരു സ്വാധീനമോ റോളോ ഒരു സംസ്ഥാനത്തുമില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസ്സ് വ്യാപകമായി കാവിയണിയുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനമാണ് രാജ്യത്ത് വളര്‍ന്നു വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പോടെ അക്കാര്യം ബിനോയ് വിശ്വത്തിനും സി.പി.ഐക്കും ബോധ്യപ്പെടുക തന്നെ ചെയ്യും.

സംഘപരിവാറിനെയും അതിന്റെ ഫാസിസ്റ്റ് ആശയത്തെയും ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കടമയാണ്. ഇക്കൂട്ടത്തില്‍ ഒറ്റുകാരുടെ റോള്‍ മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. ജനങ്ങള്‍ക്ക് നഷ്ടമായ വിശ്വാസം തിരിച്ചു പിടിക്കാന്‍ നെഹ്‌റുവിനെ ഓര്‍ത്തതുകൊണ്ടൊന്നും ഇനി ഒരു കാര്യവുമില്ല. തിരഞ്ഞെടുപ്പ് റാലിയില്‍ നിന്നും ഒളിച്ചോടി ഇറ്റലിയില്‍ ലാന്‍ഡ് ചെയ്യുന്ന നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ ശാപമാണ്. അവര്‍ തന്നെയാണ് ആ പാര്‍ട്ടിയുടെ പതനവും പൂര്‍ണ്ണമാക്കുക. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാണാന്‍ പോകുന്നതും അതു തന്നെയാണ് …

EXPRESS KERALA VIEW

Top