ഇപ്പോഴാണ് ഉദ്ധവ് ശരിക്കും പെട്ടത്; മതേതര മുഖം സ്വീകരിച്ചത് വിനയായി, ശിവസേനയില്‍ തമ്മിലടി?

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ പിന്തുണയ്ക്കുന്ന നിലപാടിനെതിരെ ശിവസേനയ്ക്കുള്ളില്‍ ഭിന്നത. എക്കാലവും ഹിന്ദുത്വ വാദം ഉയര്‍ത്തിയ പാര്‍ട്ടി മതേതര മുഖം സ്വീകരിക്കുന്നത് തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്.

ഹിന്ദുത്വവാദം ഉയര്‍ത്തി പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് കൊണ്ടിരുന്ന പാര്‍ട്ടിയായിരുന്നു ഒരു കാലത്ത് ശിവസേന. എന്നാല്‍ ഇന്ന് അതിനെതിരെ പരസ്യമായി നിലപാടെടുത്തിരിക്കുന്നതാണ് അണികള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ കാരണമായത്. മാത്രമല്ല മഹാരാഷ്ട്രയില്‍ പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  മുസ്ലീം മതനേതാക്കളെ കണ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവരുടെ ആശങ്കകള്‍ കേള്‍ക്കുകയും കേന്ദ്രത്തെ അത് അറിയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ സേന പ്രവര്‍ത്തകരില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയുടെ ആമുഖം തന്നെ മതനിരപേക്ഷതയായതിനാല്‍ മൃദുനിലപാടല്ലാതെ മറ്റ് പോംവഴിയില്ലെന്നാണ് ഉദ്ധവ് താക്കറെ പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കുന്നത്. എന്നാല്‍ ബിജെപി ബന്ധം അവസാനിപ്പിച്ചതടക്കമുള്ള കാര്യങ്ങളില്‍ ഉദ്ധവിനോട് അതൃപ്തിയുള്ള നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. താക്കറെയെന്ന പേരുമാത്രമേ ഉദ്ധവിനൊപ്പമുള്ളൂ എന്നും ബാല്‍താക്കറെയുടെ വീര്യം ഉദ്ധവിനില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഇത് ബിജെപി നേതാക്കള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ ശിവസേനക്കു ഗുണകരമാകില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

Top