മന്‍മോഹനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ ഫൊട്ടോഗ്രഫറുമായി ആരോഗ്യമന്ത്രി, കാഴ്ചമൃഗമല്ലെന്ന് മകള്‍

ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയിലുള്ള മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫൊട്ടോഗ്രഫറുമായി എത്തിയതു വിവാദത്തില്‍. വീട്ടുകാരുടെ എതിര്‍പ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫൊട്ടോഗ്രഫറും മന്‍മോഹന്‍ സിങ്ങിന്റെ മുറിയില്‍ കയറിയതാണ് വിവാദമായത്.

മന്‍മോഹന്റെ ഭാര്യ ഫൊട്ടോഗ്രഫറിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഇക്കാര്യത്തില്‍ അമ്മ ദുഃഖിതയാണെന്നു മന്‍മോഹന്റെ മകള്‍ ധമന്‍ദീപ് സിങ് പറഞ്ഞു. മന്ത്രി നേരിട്ടെത്തിയതു നല്ലതാണെങ്കിലും കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമന്‍ദീപ് കുറ്റപ്പെടുത്തി.

നേരത്തെ, മന്‍മോഹനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ മാണ്ഡവ്യ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്നു പിന്നീടു പിന്‍വലിച്ചു.

അതേസമയം, പനിയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിയുന്ന മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top