സുധാകരന്റെ ഹമാസ് ചോദ്യത്തിനു മറുപടി നല്‍കിയത് വി.മുരളീധരന്‍: സാങ്കേതിക പിഴവെന്ന് വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. ലോക്സഭയില്‍ കെ.സുധാകരന്‍ എംപി ഉന്നയിച്ച ചോദ്യത്തിനു മറുപടി നല്‍കിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചോദ്യത്തിന് മറ്റൊരു കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ പേരിലാണ് സുധാകരനു മറുപടി ലഭിച്ചത്.

എന്നാല്‍, ഹമാസുമായി ബന്ധപ്പെട്ട ചോദ്യങ്ങളുള്ള പേപ്പറുകളില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് അറിയിച്ച് അവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ സാങ്കേതിക പിഴവു സംഭവിച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോയെന്നും ഇതു സംബന്ധിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍ എന്തെങ്കിലും ആവശ്യമുന്നയിച്ചിട്ടുണ്ടോയെന്നുമായിരുന്നു കെ.സുധാകരന്റെ ചോദ്യം. ”ഒരു സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരും. ഏതെങ്കിലും സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പരിഗണിക്കും”- എന്നായിരുന്നു മീനാക്ഷി ലേഖിയുടെ പേരില്‍ വന്ന മറുപടിയിലുണ്ടായിരുന്നത്.

Top