രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ പേരിനെ ചൊല്ലി വിവാദം; ആദ്യം രജിസ്റ്റര്‍ ചെയ്‍തത് ധ്യാൻ ചിത്രം

ജനികാന്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രം ‘ജയിലറി’ന്റെ പേരില്‍ വിവാദം. ധ്യാൻ ശ്രീനിവാസൻ നായകനായി വേഷമിടുന്ന ചിത്രത്തിനാണ് ‘ജയിലര്‍’ എന്ന പേര് ആദ്യം രജിസ്റ്റര്‍ ചെയ്‍തതെന്നാണ് സംവിധായകൻ സക്കീര്‍ മഠത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2021 ഓഗസ്റ്റ് 21ന് കേരള ഫിലിം ചേമ്പറില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തതാണ് ‘ജയിലര്‍’ എന്ന പേര്. എന്നാല്‍ രജനികാന്ത് നായകനാകുന്ന ‘ജയിലറെ’ന്ന സിനിമ അവര്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2022ലാണ് എന്നും സക്കീര്‍ മഠത്തില്‍ പറയുന്നു.

ഓഗസ്റ്റില്‍ ഞങ്ങളുടെ ‘ജയിലര്‍’ എന്ന സിനിമ റിലീസ് ചെയ്യാമെന്നാണ് ആലോചിച്ചത്. എന്നാല്‍ രജനികാന്ത് നായകനാകുന്ന ‘ജയിലര്‍’ എന്ന സിനിമ ഓഗസ്റ്റ് 10ന് റിലീസ് അനൗണ്‍സ് ചെയ്‍തിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങള്‍ അവര്‍ക്ക് നോട്ടീസയച്ചത്. കേരളത്തിലെങ്കിലും ഞങ്ങളുടെ പേര് ഉപയോഗിക്കരുതെന്നാണ് തങ്ങള്‍ വ്യക്തമാക്കിയത്. കാരണം കേരളം ചെറിയ ഇൻഡസ്‍ട്രിയാണ്. നിങ്ങള്‍ക്ക് വേള്‍ഡ് വൈഡ് റിലീസാകുന്ന സിനിമയാണ് അത്. മോഹൻലാല്‍ എന്ന നടനുമുള്ളതിനാല്‍ മലയാള സിനിമയില്‍ ‘ജയിലര്‍’ എന്ന പേരിന് പിന്നീട് സ്‍കോപ്പില്ല. പക്ഷേ അതിന് അവര്‍ മറുപടി അയച്ചത് കോര്‍പറേറ്റ് സ്ഥാപനമായതുകൊണ്ട് അവര്‍ക്ക് പേര് മാറ്റാനാകില്ല എന്നാണ്. ഞങ്ങളുടെ പേര് മാറ്റണം എന്ന് പറഞ്ഞ് അവര്‍ വക്കീല്‍ നോട്ടീസുമയച്ചു. അങ്ങനെ പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളത് എന്ന് സംവിധായകൻ സക്കീര്‍ മഠത്തില്‍ വ്യക്തമാക്കുന്നു.

നെല്‍സണ്‍ ആണ് രജനികാന്തിന്റെ ‘ജയിലര്‍’ സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ ചിത്രത്തില്‍ ‘ജയിലര്‍’ ആയിട്ടാണ് രജനികാന്ത് വേഷമിടുന്നത്. മോഹൻലാലും ഒരു അതിഥി വേഷത്തിലെത്തുന്നു. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ധ്യാൻ ശ്രീനിവാസന്റേത് പിരീഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുന്നത്. ജയിലറുടെ വേഷത്തിലായിരിക്കും ധ്യാൻ ശ്രീനിവാസനും. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോള്‍ഡൻ വില്ലേജിന്റെ ബാനറില്‍ ധ്യാൻ ചിത്രം എൻ കെ മുഹമ്മദ് നിര്‍മിക്കുന്നു

Top