പുതിയ കൊവിഡ് മാനദണ്ഡങ്ങളെ ചൊല്ലിയുള്ള വിവാദം; അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാല്‍ തന്നെ വിഷയം യോഗത്തില്‍ വലിയ ചര്‍ച്ചയാകും. മാനദണ്ഡങ്ങളില്‍ എതിര്‍പ്പുയര്‍ന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണെന്നാണ് സൂചന.

വൈകിട്ട് മൂന്നരക്കാണ് യോഗം. കടകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് മാളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. എസി ഇല്ലാത്ത റസ്‌റ്റോറന്റുകളില്‍ ഇരുന്ന കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. എല്ലാ മേഖലയും തുറന്നതിനാല്‍ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

കടകളിലെത്താന്‍ വാക്‌സിന്‍, നെഗറ്റീവ്, രോഗമുക്തി സര്‍ട്ടിഫിക്കറ്റുകള്‍ എത്രത്തോളം കര്‍ശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. നടപടികള്‍ കടുപ്പിക്കണോയെന്നതും ചര്‍ച്ചയാകും. സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.

സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ ഇന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ ശേഷമുള്ള ആദ്യ ശനിയാഴ്ചയാണ് ഇന്നത്തേത്. അതേസമയം ഞായറാഴ്ച ലോക്ഡൗണ്‍ തുടരും.

Top