തിരുവനന്തപുരത്തും സിപിഎമ്മിൽ ഫണ്ട് തട്ടിപ്പ് വിവാദം

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിൻറെ പേരിൽ ഫണ്ട് തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് മേഖലാ കമ്മിറ്റികൾ സിപിഎം-ഡിവൈഎഫ്‌ഐ നേതൃത്വങ്ങൾക്ക് പരാതി നൽകി. കുറ്റക്കാരനെ ഒരു വിഭാഗം നേതാക്കൾ സംരക്ഷിക്കുന്നതായാണ് ആക്ഷേപം. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡൻറ് എസ് ഷാഹിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പി ബിജുവിന്റെ സ്മരണാർഥം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റെഡ്‌കെയർ സെന്റർ തുടങ്ങാൻ തീരുമാനമായിരുന്നു. ഇതിലേക്ക് രണ്ടര ലക്ഷം രൂപ വീതം ഒരോ മേഖലാകമ്മിറ്റിയും പിരിച്ചു നൽകണമെന്നായിരുന്നു നിർദേശം. പാളയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ഒമ്പത് മേഖലാ കമ്മിറ്റികളാണ് ഉള്ളത്. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് പിരിച്ചെടുത്തത്.

ആറുലക്ഷം രൂപ ഇതിൽ നിന്നും റെഡ്‌കെയർ സെന്ററനായി വിനിയോഗിച്ചു. എന്നാൽ ബാക്കി വരുന്ന തുകയെ സംബന്ധിച്ച യാതൊരു വിധ കണക്കുകളും പാളയം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. ഇവരുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നിട്ടുമില്ല. എന്നാൽ അന്ന് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷാഹിൻ ഈ തുക കൈവശം വെച്ചിരുന്നു എന്നും അത് പുറത്ത് ചെലവഴിക്കുകയും ചെയ്തു എന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന ആരോപണം.

Top