ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച സംഭവം വിവാദം; നിയമനിർമാണത്തിനൊരുങ്ങി ഡെൻമാർക്ക്

കോപ്പൻഹേ​ഗ് : ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച സംഭവം അന്താരാഷ്ട്ര തലത്തിൽ വിവാദമായതോടെ നിയമനിർമാണത്തിനൊരുങ്ങി ഡെൻമാർക്ക്. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഖുറാൻ കത്തിച്ച് പ്രതിഷേധിക്കുന്നത് തടയാൻ നിയമ നിർമാണം ആലോചിക്കുന്നതെന്ന് ഡെന്മാർക്ക് സർക്കാർ വ്യക്തമാക്കി. ഖുറാൻ കത്തിക്കുന്നതുൾപ്പെടെയുള്ള ചില സമരമാർ​ഗങ്ങൾ ചില വലതുപക്ഷ സംഘടനകൾ ഹൈജാക്ക് ചെയ്യുകയാണ്. മറ്റ് രാജ്യങ്ങളെയും സംസ്കാരങ്ങളെയും അപകീർത്തിപ്പെടുത്തുന്ന സമരമാർ​ഗങ്ങൾ ഡെന്മാർക്കിന് അന്താരാഷ്ട്ര തലത്തിൽ തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടാനാണ് സർക്കാർ തീരുമാനമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഡെന്മാർക്കിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിശാലമായ അർഥമുണ്ടെങ്കിലും ഭരണഘടനക്കുള്ളിൽ നിൽക്കുന്ന ചട്ടക്കൂടിനുള്ളിലായിരിക്കണം സമരമാർ​ഗങ്ങൾ. സ്വീഡനിലും ഡെന്മാർക്കിലും നടന്ന ഖുറാൻ കത്തിക്കൽ പ്രക്ഷോഭത്തെ അപലപിച്ച് വിവിധ രാജ്യങ്ങൾ രം​ഗത്തെത്തിയിരുന്നു. സ്വീഡനിലെയും ഡെൻമാർക്കിലെയും ഖുറാൻ അവഹേളനങ്ങൾ ചർച്ച ചെയ്യാൻ ജിദ്ദ ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ യോ​ഗം(ഒഐസി) തിങ്കളാഴ്ച ചേരുമെന്ന് സൗദി അറേബ്യയും ഇറാഖും അറിയിച്ചിരുന്നു.

നേരത്തെ ഖുറാന്‍ കോപ്പി കത്തിച്ചതില്‍ പ്രതിഷേധമറിയിക്കാന്‍ സൗദി അറേബ്യ ഡെന്മാര്‍ക്ക് സ്ഥാനപതിയെ വിളിച്ചുവരുത്തിയിരുന്നു. ഡെന്മാര്‍ക്ക് എംബസി ഷാര്‍ഷെ ദഫെയെ വിളിച്ചുവരുത്തിയയാണ് പ്രതിഷേധമറിയിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എല്ലാ മതപാഠങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന നിന്ദ്യമായ പ്രവൃത്തികള്‍ അവസാനിപ്പാക്കാനുള്ള സൗദിയുടെ ആഹ്വാനം അടങ്ങിയ പ്രതിഷേധക്കുറിപ്പാണ് എംബസി ഷാര്‍ഷെ ദഫെക്ക് കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെന്മാര്‍ക്കില്‍ ഒരു തീവ്രവാദി സംഘം ഖുര്‍ആര്‍ കോപ്പി കത്തിക്കുകയും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ച് ഈ മാസം 22ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിഷേധക്കുറിപ്പ് കൈമാറിയത്.

 

Top