ഒരു വിവാദ വീഡിയോ പ്ലേസ്റ്റോറില്‍ ടിക് ടോക്കിന്റെ റേറ്റിങ് താഴ്ത്തി; രക്ഷിക്കാനെത്തി ഗൂഗിള്‍

12 സ്റ്റാര്‍ റേറ്റിങില്‍ ഉണ്ടായിരുന്ന ടിക് ടോക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ റേറ്റിങ് 4.4 ല്‍ എത്തിയെന്ന് കണക്കുകള്‍. ടിക് ടോക്ക് ഉപയോക്താവായ ഫൈസല്‍ സിദ്ദീഖി പങ്കുവെച്ച ഒരു വീഡിയോ വിവാദമായതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി ആളുകള്‍ ടിക് ടോക്കിനെതിരെ രംഗത്തുവന്നതോടെയാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ റേറ്റിങ് ഇടിഞ്ഞത്.

കഴിഞ്ഞ ഒരാഴ്ചയായി ടിക് ടോക്കിന് വന്ന വണ്‍ സ്റ്റാര്‍ റേറ്റിങുകളെല്ലാം ഗൂഗിള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ റേറ്റിങ് പഴയപടിയായി. സംഘടിത നീക്കത്തിലൂടെ ഉണ്ടാകുന്ന ഇത്തരം നെഗറ്റീവ് റിവ്യൂകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിന് അനുവാദമുണ്ട്. ടിക് ടോക്കിന് വന്ന 80 ലക്ഷം വണ്‍ സ്റ്റാര്‍ റേറ്റിങുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്.

കഴിഞ്ഞയാഴ്ച വണ്‍സ്റ്റാര്‍ റേറ്റിങില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. കൃത്രിമമായ റേറ്റിങുകളും കമന്റുകളും ഗൂഗിള്‍ അനുവദിക്കില്ല. ആപ്പുകളെ അനാവശ്യമായി താറടിച്ചുകാണിക്കുന്ന കമന്റുകളും ഇങ്ങനെ നീക്കം ചെയ്യപ്പെടും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാത്രമാണ് ടിക് ടോക്കിന്റെ റേറ്റിങ് താഴ്ന്നത്.

Top