വിവാദ ട്വീറ്റ് ; മാപ്പ് പറഞ്ഞ് ട്വീറ്റ് ഡിലീറ്റ് ചെയ്ത് നടന്‍ വിവേക് ഒബ്‌റോയി

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ മീം പ്രചരിപ്പിച്ച സംഭവത്തില്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടന്‍ വിവേക് ഒബ്‌റോയി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മൂന്ന് ഘട്ടങ്ങളെ ഐശ്വര്യയുടെ പ്രണയങ്ങളുമായി ബന്ധപ്പെടുത്തികൊണ്ട് സ്ത്രീ വിരുദ്ധ മീം ആയിരുന്നു വിവേക് ഒബ്റോയി ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘തന്റെ പ്രവൃത്തി ഏതെങ്കിലും സ്ത്രീക്ക് തെറ്റായി തോന്നിയെങ്കില്‍ അതു പരിഹരിക്കേണ്ടതാണ്. മാപ്പ് പറയുന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു. ഒറ്റനോട്ടത്തില്‍ തമാശയും നിരുപദ്രവകരമെന്നും തോന്നുന്നത്, മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി 2000ല്‍ അധികം പെണ്‍കുട്ടികളെ ശാക്തീകരിക്കാനായി താന്‍ സമയം ചെലവിട്ടിരുന്നു. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നതു തനിക്കു ചിന്തിക്കാന്‍ പോലുമാകില്ല’ അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ വിഷയത്തില്‍ മാപ്പു പറയേണ്ടതില്ലെന്ന നിലപാടാണ് വിവേക് ആദ്യം സ്വീകരിച്ചിരുന്നത്. എനിക്ക് മാപ്പ് പറയാന്‍ യാതൊരു മടിയുമില്ല, പക്ഷെ ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കിത്തരണം. ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചുവെന്നും വിവേക് ഒബ്റോയ് ആദ്യം പറഞ്ഞത്.

ട്വീറ്റിനെതിരെ ബോളിവുഡ് നടി സോനം കപൂറും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടും മറ്റും രംഗത്ത് വന്നിരുന്നു.വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തത്. ഇത് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നുമായിരുന്നു ജ്വാല ഗുട്ടുവിന്റെ പ്രതികരണം.

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലടക്കം ഇതിനോടകം താരം നേരിട്ടത്

Top