മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയുമെന്ന് വിവാദ പ്രസംഗം, ബി.ജെ.പി എം.എല്‍.എ ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ബിഹാര്‍: ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്നും അവരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കണമെന്നും വിവാദ പ്രസംഗം നടത്തിയ ബിഹാര്‍ ബി.ജെ.പി എം.എഎല്‍.എ ഹരിഭൂഷണ്‍ ഠാക്കൂര്‍ ബച്ചൗളിനെതിരെ ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം.

രാവിലെ 11 മണിക്ക് ചേര്‍ന്ന ബിസിനസ്സ് ഉപദേശക സമിതി യോഗത്തില്‍ തുടക്കം തന്നെ എം.എല്‍.എ യുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി നിന്നു. സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ അഭ്യര്‍ഥനപ്രകാരം പ്രതിപക്ഷ എം.എല്‍.എമാര്‍ അവരുടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചു വന്നു. ബച്ചൗളിന്റെ പ്രസംഗത്തിന് പുറമേ ജെ.ഡി.യു പ്രവര്‍ത്തകനെ പശു സംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ച വിഷയവും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി.

പാര്‍ലമെന്ററി കാര്യ മന്ത്രി വിജയ് കുമാര്‍ ചൗധരി സര്‍ക്കാരിന് വേണ്ടി മറുപടി നല്‍കി. എന്നിരുന്നാലും, പ്രതിപക്ഷ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയും യോഗത്തില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു. തിങ്കളാഴ്ചയാണ് മുസ്ലിം സമുദായത്തിന്റെ വോട്ടവകാശം എടുത്തുകളയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വിവാദ പ്രസംഗം ഹരിഭൂഷണ്‍ ഠാക്കൂര്‍ നടത്തിയത്.

”1947ല്‍ മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച് അവര്‍ക്ക് മറ്റൊരു രാജ്യം നല്‍കിയതാണ്. അവര്‍ ആ രാജ്യത്തേക്ക് പോകണം. അവര്‍ ഇവിടെയാണ് താമസിക്കുന്നതെങ്കില്‍, അവരുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അവര്‍ക്ക് (മുസ്ലിംകള്‍ക്ക്) ഇന്ത്യയില്‍ രണ്ടാം തരം പൗരന്മാരായി ജീവിക്കാം”, എന്നായിരുന്നു ഹരിഭൂഷണ്‍ ഠാക്കൂര്‍ പറഞ്ഞത്.

Top