പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗം; അടഞ്ഞ അധ്യായമല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. ആളുകള്‍ക്കിടയില്‍ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ഇപ്പോഴുമുണ്ടെന്നും അസ്വാരസ്യങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ജീവിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതനേതാക്കളുടെ യോഗം ഇന്ന് വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് നടക്കും. മലങ്കര സഭ മേജര്‍ ആര്‍ച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, എച്ച് ഷഹീര്‍ മൗലവി, സൂസപാക്യം തിരുമേനി, ധര്‍മരാജ് റസാലം തിരുമേനി, ബര്‍ണബാസ് തിരുമേനി എന്നീ നേതാക്കള്‍ പങ്കെടുക്കും.

 

 

Top