Controversial reshuffle; Will Central Govt. support T P Senkumar in Tribunal?

കൊച്ചി : ക്രമസമാധന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിക്കെതിരെ ടി.പി. സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സെന്‍കുമാറിന് അനുകൂലമായ തീരുമാനമെടുത്തേക്കും.

സി എ ടി യില്‍ ലഭിച്ച ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയയ്ക്കാന്‍ കഴിഞ്ഞ ദിവസം ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. സെന്‍കുമാറിന് പകരം നിയമിതനായ ലോക്‌നാഥ് ബെഹ്‌റക്ക് പ്രത്യേക ദൂതന്‍ വഴി അടിയന്തിര നോട്ടീസയച്ചാണ് വിശദീകരണം തേടിയത്. ഹര്‍ജിയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.

അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചാണ് തന്റെ സ്ഥലംമാറ്റമെന്ന സെന്‍കുമാറിന്റെ വാദത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ക്രമസമാധാന ചുമതലയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ മാറ്റുകയാണെങ്കില്‍ അതിന് മതിയായ കാരണം വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. നേരത്തെ സുപ്രീം കോടതി പ്രകാശ് സിംങ്ങ് കേസില്‍ ഇതു സംബന്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ഒരു വര്‍ഷം കൂടി സര്‍വ്വീസ് അവശേഷിക്കുന്ന തന്നെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പ് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെ ഡി.ജി.പി കേഡര്‍ തസ്തിക നഷ്ടമാവുകയും എ.ഡി.ജി.പി യുടെ ആനുകൂല്യം മാത്രം ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തതായാണ് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

തന്റെ ജൂനിയറായ ബെഹ്‌റയെ ഡി.ജി.പി യായി അവരോധിച്ചതും സ്ഥലംമാറ്റത്തിന് കാരണമായി കേരള പൊലീസ്‌ ആക്ടിലെ 97 (2) ഇ വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചതും അദ്ദേഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. 1983 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ സെന്‍കുമാറാണ് സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഓഫീസര്‍. പുതിയ ഡി.ജി.പി യായി നിയമിതനായ ബെഹ്‌റയാവട്ടെ 1985 ബാച്ചിലെ ഐ.പി.എസുകാരനാണ്.

2002 ലും 2009 ലും പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിച്ച കാര്യങ്ങളടക്കം സി എ ടി യില്‍ ബോധിപ്പിച്ച സെന്‍കുമാറിന്റെ അഭിഭാഷകന്‍ പൊതു ആവശ്യമുന്നയിച്ച് സ്ഥലം മാറ്റാനുള്ള പൊലീസ്‌ നിയമത്തിലെ 97 (2) വകുപ്പ് ഉപയോഗിച്ചത് നിലനില്‍ക്കുന്നതല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ജിഷ കൊല കേസുമായി ബന്ധപ്പെട്ടാണ് ഈ ആക്ഷേപമെങ്കില്‍ ഹൈക്കോടതി തന്നെ നീതിയുക്തമായ അന്വേഷണം നടത്തുന്നതില്‍ തൃപ്തി രേഖപ്പെടുത്തി കേസ് സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ കാര്യം അഭിഭാഷകന്‍ ബോധിപ്പിച്ചു. സെന്‍കുമാറിനെതിരെ നിലപാട് കടുപ്പിച്ച് ചൊവ്വാഴ്ചയും ശക്തമായ വാദങ്ങള്‍ ഉയര്‍ത്താന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സീനിയര്‍ അഭിഭാഷകനെ തന്നെ ഇതിനുവേണ്ടി ആവശ്യമെങ്കില്‍ ചുമതലപ്പെടുത്താന്‍ അഡ്വക്കേറ്റ് ജനറിലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ തീരുമാനം സി.എ.ടി. റദ്ദാക്കിയാല്‍ അത് വലിയ തിരിച്ചടിയാവുമെന്ന് കണ്ടാണ് ഈ നീക്കം.

അതേസമയം സെന്‍കുമാറിനുവേണ്ടി ബി.ജെ.പി യുടെ യുവജന വിഭാഗമായ യുവമോര്‍ച്ച സംസ്ഥാന നേതൃത്വം ഇതിനകം തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സെന്‍കുമാറിനെ നീക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

സി.എ.ടി യില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് പിന്നില്‍ സംസ്ഥാനത്തെ ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദ തന്ത്രവുമുണ്ടായേക്കും.

Top