നയന്‍താരയ്‌ക്കെതിരായ വിവാദ പരാമര്‍ശം: വിശദീകരണവുമായി രാധാ രവി

ലേഡി സുപ്പര്‍ സ്റ്റാര്‍ നയന്‍താരയെ പൊതുവേദിയില്‍ അപമാനിച്ച് നടന്‍ രാധാ രവി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. സംവിധായകന്‍ വിഘ്നേഷ് പിന്നണി ഗായിക ചിന്‍മയ്, നടി സാമന്ത എന്നിവര്‍ നായന്‍തരയ്ക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു.

മാത്രമല്ല നടനെ വിലക്കി ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ രംഗത്തു വരുകയും ചെയ്തു. ഇതോടെ പല നിര്‍മാണ കമ്പനികളും രാധാ രവിയെ കയ്യൊഴിഞ്ഞു.ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാധാ രവി. തമിഴിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്.

‘ഞാന്‍ നയന്‍താരയുടെ ആരാധകനാണ്. ‘ഞാന്‍ അവരെ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ശിവകാര്‍ത്തികേയനെ കാണാന്‍ വേണ്ടി പോയതാണ്. അവിടെ നയന്‍താരയും ഉണ്ടായിരുന്നു.എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല.’

‘ഞാന്‍ സ്ത്രീകളെ പറ്റി മോശം പറയുമെന്നാണ് പൊതുവെ സംസാരം. എന്നാല്‍ മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലത് പറയാറില്ല.നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോള്‍ പോയതാണ്. നയന്‍താരയെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞിട്ടല്ല. എം.ജി.ആര്‍ രജനികാന്ത് എന്ന മഹാനടമ്മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നാണ് ഞാന്‍ പറഞ്ഞത്. നയന്‍താര രണ്ടു വഴിയില്‍ സഞ്ചരിക്കുന്ന ഒരാളാണ്. ഒരു വശത്ത് കൊലയുതിര്‍ കാലം പോലെ ഒരു സിനിമ ചെയ്യുന്നു മറ്റൊരിടത്ത് സീതയായി അഭിനയിക്കുന്നു. പണ്ട് കാലത്തെ നടിമാര്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നവരാണ്. കെ.ആര്‍ വിജയയെപ്പോലുള്ളവരാണ് സീതയുടെ കഥാപാത്രം ചെയ്യുന്നത്. എന്നാല്‍ നയന്‍താര രണ്ട് കഥാപാത്രങ്ങളും ഒരേ സമയത്ത് ചെയ്യുന്നു. അതിനെ;അഭിനന്ദിക്കുന്നു; എന്നാണ് ഉദ്ദേശിച്ചത്. ഞാന്‍ ഒരുപാട് സിനിമകളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട് നായകനായും. പണ്ടുകാലത്ത് മാധ്യമങ്ങള്‍ ഇത്ര ശക്തമായിരുന്നില്ല. ഇതെല്ലാം കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളാണ്. വണക്കം ചൊല്ലിയാല്‍ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്’ – രാധാ രവി പറഞ്ഞു.

‘സ്ത്രീകള്‍ ഒരിക്കലും പുരുഷന് താഴെയല്ല. സ്ത്രീ പുരുഷനൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ മുകളിലെത്തി നില്‍ക്കുന്നു. എന്നാല്‍ ഇന്ന് മീടു പോലുള്ള തുറന്ന് പറച്ചിലുകളുടെ ഇടം ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കുകയാണ്. അത് വൈരമുത്തുവില്‍ തുടങ്ങി എനിക്കും നേരേയും എത്തി. സിനിമയില്‍ ലൈംഗികാരോപണങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെളിവ് കൊണ്ടുവരൂ. ഞാനും പോരാട്ടത്തിന് ഇറങ്ങാം’ – രാധാ രവി പറഞ്ഞു.

Top