അലോപ്പതിക്കെതിരായ വിവാദ പരാമര്‍ശം: ബാബാ രാംദേവിനെതിരേ കേസെടുത്തു

റായ്പൂര്‍: അലോപ്പതിക്കെതിരായി നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബാബാ രാംദേവിനെതിരേ പോലീസ് കേസെടുത്തു. കൊവിഡ് ചികില്‍സയ്ക്കായി അലോപ്പതി മേഖലയില്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിനാണ് കേസ്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐഎംഎ)ന്റെ ഛത്തീസ്ഗഢ് യൂണിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിസി സെക്ഷന്‍ 188, 269, 504 തുടങ്ങിയ വകുപ്പുകളും ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളും പ്രകാരം കേസെടുത്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലിസ് പറഞ്ഞു.

കോവിഡിനെ നേരിടുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടു എന്നായിരുന്നു ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം. അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാംദേവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Top