ബ്രാഹ്മണര്‍ക്കെതിരായ വിവാദ പരാമര്‍ശം; ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ബ്രാഹ്മണര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദകുമാറിനെ റായ്പൂര്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 15 ദിവസമാണ് കസ്റ്റഡി കാലാവധി. ബ്രാഹ്മണരെ നാടുകടത്തണമെന്ന് അടക്കമുള്ള പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഛത്തീസ്ഗഡ് പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്ത് അറസ്റ്റുചെയ്തത്.

ബ്രഹ്മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള നന്ദകുമാറിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുത്. അവരെ ബഹിഷ്‌കരിക്കണമെന്നും തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരേ ബ്രാഹ്മണ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

പരാമര്‍ശം വിവാദമായതോടെ നന്ദകുമാര്‍ ഭാഗേലിനെ പരസ്യമായി തള്ളി മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ രംഗത്തെത്തിയിരുന്നു. ‘ആരും നിയമത്തിന് മുകളില്ല, അതിപ്പോള്‍ മുഖ്യമന്ത്രിയുടെ അച്ഛനാണെങ്കില്‍ പോലും’ എന്നായിരുന്നു ഭൂപേഷ് ബാഗലിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ താന്‍ ബാധ്യസ്ഥനാണെന്നും തന്റെ പിതാവിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും സമുദായത്തിനെതിരായി പരാമര്‍ശമുണ്ടായിട്ടുണ്ടെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്നും ഭൂപേഷ് ബാഗേല്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ലെന്നും സെപ്റ്റംബര്‍ 21 ന് വീണ്ടും കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യത്തിന് അപേക്ഷിക്കുമെന്നും നന്ദകുമാര്‍ ഭാഗലിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Top