വിവാദ ബില്ലുകളില്‍ ‘തൊട്ടില്ല’; രണ്ടെണ്ണത്തില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കുന്ന ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്.

എന്നാൽ, വിവാദമായ ലോകായുക്ത, സർവകലാശാല ബില്ലുകൾ ഉൾപ്പെടെ ആറെണ്ണത്തിൽ തീരുമാനത്തിൽ എത്തിയില്ല.

ബില്ലുകൾ ഒപ്പിടാതെ അനിശ്ചിത കാലത്തേക്ക് നീട്ടുന്നതിന് എതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് രണ്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. എന്നാൽ, വിവാദമായ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം.

ലോകായുക്ത ബിൽ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബിൽ, സർവകലാശാല ഭേദഗതി ബിൽ, മിൽമ ബിൽ എന്നിവയാണ് ഗവർണർ ഒപ്പിടാതെ നീട്ടിവച്ചിരിക്കുന്നത്.

Top