വിവാദ സന്ന്യാസി ചന്ദ്രസ്വാമി വൃക്കരോഗത്തെ തുടർന്ന് അന്തരിച്ചു

മുംബൈ: വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി(66) അന്തരിച്ചു. നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രസ്വാമിയെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ചിരുന്നു.

വൃക്കരോഗ ബാധിതനായി മുംബൈയിൽ ചികിത്സയിലായിരുന്നു.

1948-ൽ ജനിച്ച ചന്ദ്രസ്വാമിയുടെ യഥാർഥ പേര് നേമിചന്ദ് എന്നാണ്. രാജ്യത്ത് നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രസ്വാമിക്കെതിരെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായിരുന്നു കേസെടുത്തത്. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആളാണ് ചന്ദ്രസ്വാമി.

ചന്ദ്രസ്വാമിയും കൂട്ടാളി വിക്രം സിങ്ങും കൂടി 1992-ൽ 30 ലക്ഷം രൂപ വിലവരുന്ന 10,500 ഡോളർ പ്രകാശ്‌ചന്ദ്ര യാദവ് എന്നൊരാളിൽ നിന്നു റിസർവ് ബാങ്ക് അനുമതി കൂടാതെ വാങ്ങിയെന്നാണു കേസ്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ചന്ദ്രസ്വാമി ഉൾപ്പെട്ടിരിക്കാമെന്നു സിബിഐ നിലപാടെടുത്തത് ഒരുകാലത്ത് വിവാദമായിരുന്നു. ‘‘സാഹചര്യത്തെളിവുകളും രേഖകളും ചന്ദ്രസ്വാമിയുടെനേർക്കും വിരൽചൂണ്ടുന്നു. രാജീവ് ഗാന്ധിവധത്തിൽ ചന്ദ്രസ്വാമിയെ ഗൗരവമായി സംശയിക്കേണ്ടിയിരിക്കുന്നു.’’ – ഡൽഹി അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ സി ബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

Top