സി.പി.എം നേതാക്കള്‍ക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ വീണ്ടും . . .

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ ഒന്നടങ്കം പ്രതികളാക്കി വന്‍ പ്രതിസന്ധിയുണ്ടാക്കിയ ഇടത് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്സ്.

ജനനേതാക്കളെ മാനഭംഗ കുറ്റം ചുമത്തി ജയിലിലടക്കുകയാണെങ്കില്‍ അടക്കട്ടെ അപ്പോള്‍ കാണാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ പറഞ്ഞവര്‍ക്കെതിരെയെല്ലാം മാനഭംഗത്തിന് കേസെടുത്ത് ജയിലിലടക്കുകയാണെങ്കില്‍ അത് നടക്കട്ടെ എന്നാണ് ഡല്‍ഹിക്കു പോകും മുന്‍പ് ഉമ്മന്‍ ചാണ്ടിയും അടുപ്പക്കാരോട് പ്രതികരിച്ചത്.

ഹൈക്കമാന്റിനെ കാര്യങ്ങള്‍ ‘ബോധ്യപ്പെടുത്തി’ ഉമ്മന്‍ ചാണ്ടി തിരിച്ചു വരുന്നതിനും കാത്തിരിക്കുകയാണ് അനുയായികള്‍.

ഇടതു നേതാക്കളുടെ പ്രത്യേകിച്ച് ചില സി.പി.എം നേതാക്കളുടെയും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുതല്‍ കിട്ടാവുന്നതെല്ലാം പൊടി തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ്സിലെ എ വിഭാഗം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കോണ്‍ഗ്രസ്സിന്റെ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരമാവധി ‘രേഖകള്‍’ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു കാര്യത്തിലും ഇനി മുതല്‍ സഹകരണം സര്‍ക്കാറുമായി വേണ്ടന്നതാണ് കോണ്‍ഗ്രസ്സ് എ വിഭാഗം നിലപാടു കടുപ്പിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ ‘പാര’യുമായി പാര്‍ട്ടിക്കകത്തെ ‘കരിങ്കാലികളും’ കള്ളന്‍മാരും മുതലെടുപ്പിന് ശ്രമിച്ചാല്‍ അവരുടെ ‘ചരിത്രവും’ പൊതു സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കുമെന്നാണ് എ വിഭാഗത്തിന്റെ പ്രതികരണം.

രാഷ്ട്രീയ പ്രതിയോഗികളെ നശിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് മുന്‍പ് യു.ഡി.എഫ് സ്വീകരിച്ചിരുന്നുവെങ്കില്‍ എന്തായിരുന്ന പ്രത്യാഘാതമെന്ന് സി.പി.എം നേതൃത്വം ആലോചിക്കണമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലേക്കാണ് സോളാര്‍ കേസ് ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്.

Top