Contract with Lionel Messi will remain unchanged: Tata Motors

രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിക്കാനുള്ള അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തീരുമാനം കമ്പനിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നു വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന ശ്രേണിയുടെ ആഗോള ബ്രാന്‍ഡ് അംബാസിഡറാണു മെസി. അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെയും സ്പാനിഷ് ക്ലബ്വായ ബാഴ്‌ലോനയുടെയും മുന്നേറ്റനിരയിലെ കരുത്തനായ മെസ്സിയെ നായകനാക്കി ‘മെയ്ഡ് ഫോര്‍ ഗ്രേറ്റ്’ എന്ന ഹാഷ് ടാഗിലാണു ടാറ്റ മോട്ടോഴ്‌സിന്റെ പരസ്യ പ്രചാരണം.

ന്യൂജഴ്‌സിയില്‍ നടന്ന കോപ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പെനല്‍റ്റി കിക്ക് പാഴാക്കുകയും ചിലെയോടു ഷൂട്ടൗട്ടില്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്ത പിന്നാലെയായിരുന്നു രാജ്യാന്തര മത്സരങ്ങളില്‍ വിട വാങ്ങുന്നതായി മെസി പ്രഖ്യാപിച്ചത്.

എന്നാല്‍ ദേശീയ ടീമില്‍ മെസി തുടര്‍ന്നാലും ഇല്ലെങ്കിലും താരവുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്നാണു ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലാണ് ആദ്യമായി ആഗോളതലത്തില്‍ സ്വീകാര്യതയുള്ള ബ്രാന്‍ഡ് അംബാസഡറെ രംഗത്തിറക്കി ടാറ്റ മോട്ടോഴ്‌സ് പരസ്യ പ്രചാരണത്തിനു തുടക്കമിട്ടത്.

ലോക ഫുട്‌ബോളര്‍ പട്ടം അഞ്ചു തവണ സ്വന്തമാക്കിയ ലയണല്‍ മെസ്സിയെ സംബന്ധിച്ചിടത്തോളവും ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുടെ പ്രചാരണ ചുമതല ഏറ്റെടുക്കുന്നതും ആദ്യമായിട്ടായിരുന്നു.

തുടക്കത്തില്‍ രണ്ടു വര്‍ഷത്തേക്കാണു മെസ്സിയും ടാറ്റ മോട്ടോഴ്‌സുമായുള്ള വിപണന കരാര്‍; ഇരുകൂട്ടര്‍ക്കും സ്വീകാര്യമെങ്കില്‍ കരാര്‍ ദീര്‍ഘിപ്പിക്കാമെന്നും വ്യവസ്ഥയുണ്ട്.

Top